ന്യൂഡല്‍ഹി: കോടതികള്‍ രാവിലെ നേരത്തെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് യുയു ലളിത്. കുട്ടികള്‍ക്ക് രാവിലെ 7 മണിക്ക് സ്കൂളില്‍ പോകാമെങ്കില്‍ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും എന്തുകൊണ്ട് രാവിലെ 9 മണിക്ക് കോടതിയില്‍ എത്തിക്കൂടെന്ന് അദ്ദേഹം ചോദിച്ചു.സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ നിലവില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് നാലുവരെയാണ് കേസുകള്‍ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ജസ്റ്റിസ് യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പതിവിലും ഒരു മണിക്കൂര്‍ നേരത്തെ 9.30 ക്ക് കേസ് പരിഗണിക്കാന്‍ ആരംഭിച്ചത് അഭിഭാഷകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷമാണ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാനിരിക്കുന്ന ജഡ്ജിയുടെ പരാമര്‍ശം. രാവിലെ 9.30ന് കോടതികള്‍ ആരംഭിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.കോടതികള്‍ നേരത്തെ തുടങ്ങാനായാല്‍ ജോലികള്‍ നേരത്തേ തീര്‍ക്കാമെന്നും, അടുത്ത ദിവസത്തേക്കുള്ള കേസ് ഫയലുകള്‍ വായിക്കാന്‍ വൈകുന്നേരങ്ങളില്‍ ജഡ്ജിമാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും ജസ്റ്റിസ് യുയു ലളിത് അഭിപ്രായപ്പെട്ടു. എന്‍വി രമണ ഓഗസ്റ്റില്‍ വിരമിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസായി യുയു ലളിത് ചുമതലയേല്‍ക്കും.

