റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം

June 18, 2022 - 9:31 am

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്ണിന് ഓള്‍ ഔട്ടായി. ഇന്ത്യ ജയിച്ചതോടെ അഞ്ച് ട്വന്റി20 കളുടെ പരമ്പര 2-2 നു തുല്യനിലയിലായി.നാല് ഓവറില്‍ 18 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത പേസര്‍ ആവേശ് ഖാനാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍ രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ തെംബ ബാവുമ ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റ് പുറത്തു പോയിരുന്നു. ട്വന്റി20 യിലെ കന്നി അര്‍ധ സെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കും (27 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം 55) ഹാര്‍ദിക് പാണ്ഡ്യയും (31 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 46) ചേര്‍ന്ന് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. വിശാഖപട്ടണത്ത് അര്‍ധ സെഞ്ചുറിയോടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഋതുരാജ് ഗെയ്ക്വാദിനെ (ഏഴ് പന്തില്‍ അഞ്ച്) ആദ്യം തന്നെ ഇന്ത്യക്ക് നഷ്ടമായി. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിന് ക്യാച്ച് നല്‍കിയാണ് ഋതുരാജ് മടങ്ങിയത്.മൂന്നാമന്‍ ശ്രേയസ് അയ്യരും (നാല്) പെട്ടെന്ന് മടങ്ങി. മാര്‍ക്കോ യാന്‍സന്‍ ശ്രേയസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. പവര്‍പ്ലേയില്‍ത്തന്നെ രണ്ട് വിക്കറ്റ് വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. പ്രതീക്ഷ നല്‍കി ക്രീസില്‍ ഉണ്ടായിരുന്ന ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (26 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 27) ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ പുറത്തായി. ആന്റിച്ച് നോര്‍ടിയയുടെ പന്ത് സിക്സറിനു പറത്താന്‍ ശ്രമിച്ച കിഷന് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ കൈയില്‍ ഭദ്രമായെത്തി. നാലാം വിക്കറ്റില്‍ നായകന്‍ ഋഷഭ് പന്തും (23 പന്തില്‍ 17) പാണ്ഡ്യയും ചേര്‍ന്ന് അല്‍പ്പനേരം പിടിച്ചുനിന്നു. മോശം ഫോമിലുള്ള ഋഷഭിന് അധികനേരം മുന്നോട്ട് പോകാനായില്ല. താരത്തെ കേശവ് മഹാരാജ് ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ കൈയിലെത്തിച്ചു. അഞ്ചാം വിക്കറ്റിലൊത്തു ചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികും വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. അവസാന ഓവറില്‍ ആഞ്ഞടിച്ച് തുടങ്ങവെ ഹാര്‍ദിക്കിനെ എന്‍ഗിഡി പുറത്താക്കി. താബ്രിസ് ഷാംസിയുടെ ഗംഭീര ക്യാച്ചിലാണു മടക്കം. മറ്റ് ബാറ്റ്സ്മാന്‍മാര്‍ റണ്‍ കണ്ടെത്താന്‍ പ്രയാസപ്പെട്ട സമയത്ത് ദിനേഷ് കാര്‍ത്തിക് കസറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *