ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന സബ്സിഡി ഒഴിവാക്കിയതോടെ പാകിസ്താനില്‍ പെട്രോളിനും ഡീസലിനും റെക്കോഡ് വില. പെട്രോള്‍ ലിറ്ററിന് 234.89 രൂപയും ഡീസലിന് 263.31 രൂപയുമാണ് വില. മണ്ണെണ്ണ വില ലിറ്ററിന് 211.43 രൂപയും ലൈറ്റ് ഡീസല്‍ ഓയില്‍ വില 207.47 രൂപയുമായും ഉയര്‍ന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാകിസ്താന്‍ ഫെഡറല്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്നലെ മുതല്‍ സബ്സിഡിയില്ലാതെയാണ് ഇന്ധനം പൊതുവിപണിയില്‍ വില്‍ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 24.03 രൂപയും ഡീസലിന് 59.16 രൂപയും മണ്ണെണ്ണയ്ക്ക് 39.59 രൂപയുമായിരുന്നു സബ്സിഡി. െലെറ്റ് ഡീസല്‍ ഓയിലിന് 39.16 രൂപ സബ്സിസി അനുവദിച്ചിരുന്നു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മോശമാക്കിയതെന്ന് മന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സബ്സിഡി നല്‍കി പെട്രോള്‍ വില ബോധപൂര്‍വം കുറച്ചുവെന്നും ആ തീരുമാനങ്ങളുടെ ഭാരം നിലവിലെ സര്‍ക്കാര്‍ വഹിക്കുകയാണെന്നും മിഫ്ത പറഞ്ഞു. മേയ് മാസത്തില്‍ സബ്സിഡി നല്‍കിയതുമൂലമുള്ള നഷ്ടം 1200 കോടി രൂപ കടന്നതായി അദ്ദേഹം പറഞ്ഞു.



