ബംഗളുരു: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്ത നടപടിക്കെതിരേ വനിതാ ടേബിള്‍ ടെന്നീസ് താരം അര്‍ച്ചനാ കാമത്ത് കോടതിയില്‍ ഹര്‍ജി നല്‍കി.ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബിര്‍മിങാമിലാണ് മത്സരം. തനിക്കു പകരം ദിയ ചിതാലെയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് അര്‍ചനാ കാമത്ത് കര്‍ണാടക ഹൈക്കോടതിയിലാണു ഹര്‍ജി നല്‍കിയത്. മണിക ബാത്രയും അര്‍ച്ചനയും ചേര്‍ന്ന ജോഡി വനിതാ ഡബിള്‍സില്‍ ലോക നാലാം റാങ്കുകാരാണ്. കേസ് 22 നു പരിഗണിക്കുമെന്നു കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍, ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍.ഒളിമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 37 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. 17/06/22 വെള്ളിയാഴ്ച രാത്രിയാണ് എട്ട് ടേബിള്‍ ടെന്നീസ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്.
ആകെ 18 വനിതാ താരങ്ങളാണു മത്സരിക്കുന്നത്. ചെന്നൈയില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജമ്പില്‍ 14.14 മീറ്ററിന്റെ ദേശീയ റെക്കോഡ് കുറിച്ച ഐശ്വര്യ ബാബുവാണ് പ്രധാന മലയാളി താരം.ലോങ് ജമ്പ് താരം ആന്‍സി സോജന്‍, എന്‍.എസ്. സിമി, എം.വി. ജില്‍ന തുടങ്ങിയ വനിതാ താരങ്ങളും അബ്ദുള്ള അബൂബക്കര്‍, എം. ശ്രീശങ്കര്‍, മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, എല്‍ദോസ് പോള്‍ എന്നിവരും കേരളത്തിന്റെ പ്രതിനിധീകരിക്കും.



