കുട്ടികൾക്ക് ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമായ ക്ലബ്ബ് ഫൂട്ട് ചികിത്സയ്ക്കായി ജില്ലയിൽ മൂന്ന് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ. മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ ആരംഭിച്ചത്. ക്ലബ്ബ് ഫൂട്ട് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ സജിത്ത് ജോൺ അറിയിച്ചു. കുട്ടികൾക്ക് ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന ഒരു വൈകല്യമാണ് ക്ലബ്ബ് ഫൂട്ട്. ഈ വൈകല്യമുള്ള കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്കു തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾ വലുതായാൽ നടക്കുമ്പോൾ വൈകല്യമുണ്ടാകും. കുട്ടി ജനിച്ചു കഴിയുമ്പോൾത്തന്നെ കാലുകൾക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ബുധനാഴ്ചയും കളമശേരി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ചയും ആലുവ ജില്ല ആശുപത്രിയിൽ വെള്ളിയാഴ്ചയുമാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ക്ലിനിക്കിന്റെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ്.
ലോക ക്ലബ്ബ് ഫൂട്ട് ദിനം: ജില്ലയിൽ മൂന്ന് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ
