ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത ആസ്ഥാനമായ ഒരു കമ്പനിയുമായി ചേര്‍ന്ന് കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്ന കേസിലാണു നടപടി.
പഞ്ചാബ് ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിം അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ പ്രമുഖ നേതാവ് കൂടിയായ ജയിന്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായത് ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അഴിമതിവിരുദ്ധ പ്രതിഛായയ്ക്കു മങ്ങലേറ്റ അവര്‍, ബി.ജെ.പിയുടെ രാഷ്ട്രീയവിരോധമെന്ന ആരോപണമാണ് ഉന്നയിക്കുന്നത്.
2015-16 ല്‍ ഹവാല ഇടപാടുകളിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് ജയിന്‍ ഭൂസ്വത്ത് വാങ്ങുകയും വായ്പകള്‍ തിരിച്ചടച്ചെന്നും ഇ.ഡി. പറയുന്നു. 2017-ല്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായി ജയിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ മാസം ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി.
അകിന്‍ചാന്‍ ഡെവലപ്പേഴ്സ്, ഇന്‍ഡോ മെറ്റല്‍ ഇംപെക്സ്, പ്രയസ് ഇന്‍ഫോ സൊല്യൂഷന്‍സ്, മംഗള്‍യതന്‍ പ്രോജക്ട്, ജെ.ജെ. ഐഡിയല്‍ എസ്റ്റേറ്റ് എന്നീ കമ്പനികളുടെ പേരില്‍ നടന്ന ഇടപാടുകളാണു സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുമായി നടത്തിയ ഇടപാടുകളുടെ മറവില്‍ ജയിന്‍ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണു സി.ബി.ഐ. കേസ്. ജയിനിന്റെ കുടുംബാംഗങ്ങളും കേസില്‍ പ്രതികളാണ്.
സത്യേന്ദ്ര ജയിന് എതിരേ കള്ളക്കേസ് ചുമത്തിയെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജയിനെ തോല്‍വി ഭയന്നാണ് ബി.ജെ.പി. അറസ്റ്റ് ചെയ്തതെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
റാപ്പ് ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകം പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരേ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെയാണ് ജയിനെതിരായ കേസ് ഡല്‍ഹിയില്‍ ബി.ജെ.പിക്കു തുറുപ്പുചീട്ടായത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ കരാര്‍ അനുവദിക്കുന്നതില്‍ ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന ഒരു സൂപ്രണ്ടിങ് എന്‍ജിനീയറുടെ പരാതിയാണ് സിം യ്ക്കു വിനയായത്. പരാതി വന്നതോടെ സിം യെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

