കേന്ദ്ര പൊതുമേഖലസ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ജില്ലക്കായി ഇരുപതു ലക്ഷം രൂപ ചെലവില്‍ വാങ്ങിയ മൂന്നു ഡയാലിസിസ് മെഷീന് ജില്ല ആശുപത്രിക്കായി ഇ ചന്ദ്രശേഖരന് എം എല്‍ എ സമര്‍പ്പിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രതിവര്‍ഷം സിഎസ്ആര്‍ ഫണ്ടിലേക്ക് വകമാറ്റുന്ന കോര്‍പറേഷന്റെ ലാഭവിഹിതമായ തുകയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുന്നത്. ഈ വര്‍ഷം പ്രസ്തുത തുക കോവിഡാനന്തര തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. കേരളത്തിലെ ഒന്‍പത് ജില്ലാ ആശുപത്രികളില്‍ 1.17 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഏറ്റവും കൂടുതല്‍ തുകയായ 20 ലക്ഷം നല്‍കിയത് കാസര്‍കോട് ജില്ലയ്ക്കാണെന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്പറേഷന് ഡയറക്ടര്‍മാരായ സുരേഷ് വാര്യര്‍, കെ വി പ്രദീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ്, ജില്ലാ പഞ്ചായത്ത് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ റഹ്മാന്, കേരള റീജിയണല്‍ മാനേജര്‍ ബി ആര് മനീഷ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജന് ഭാസ്കരന്, കണ്‍സള്‍ട്ടന്റ് ബി ഉദയഭാനു, കണ്ണൂര്‍ വെയര്‍ ഹൌസ് മാനേജര്‍ ദീപക് വര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.



