ഒരാൾ കൈയിൽ കയറിപ്പിടിച്ചാൽ എന്തു ചെയ്യും? ഇനി പിറകിൽ നിന്നും ചുറ്റിപ്പിടിച്ചാലോ? പേടിക്കേണ്ട. അതിക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് കേരളാ പോലീസ് പഠിപ്പിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ കേരളാ പോലീസിന്റെ സ്റ്റാളിലാണ് സ്വയം പ്രതിരോധമുറകൾ പഠിപ്പിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കേരള പോലീസ് ആവിഷ്കരിച്ച സൗജന്യ വനിതാ സ്വയം പരിശീലന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പ്രതിരോധ മുറകളുടെ പ്രകടനം കാഴ്ച വെക്കുന്നത്. ദൈനംദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ തടയാൻ കുട്ടികളെയും സ്ത്രീകളെയും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അനിഷ്ടം കാണിക്കുന്ന രീതിയിൽ രൂക്ഷമായ ഒരു നോട്ടമാണ് ആദ്യ പ്രതിരോധമാർഗ്ഗം. ഒന്നുറക്കെ ശബ്ദം വെച്ചും അതിക്രമങ്ങളെ നേരിടാം. ആയുധങ്ങളാക്കാൻ പറ്റുന്ന അവയവങ്ങളാണ് മനുഷ്യശരീരത്തിലുള്ളത്. കൈയും കാലും തലയുമെല്ലാം ഉപയോഗിച്ച് ബുദ്ധിപരമായും കായികമായും അതിക്രമം കാണിക്കുന്നവരെ കീഴ്പ്പെടുത്താമെന്നു പറയുന്നു സിവിൽ പോലീസ് ഓഫീസർമാരായ പ്രസീതയും സൈദയും. മനോധൈര്യവും മനക്കരുത്തും ഒപ്പം പ്രതിരോധമുറകളിൽ പ്രാവീണ്യവുമുണ്ടെങ്കിൽ ഏത് അതിക്രമങ്ങളെയും നേരിടാമെന്നു കൂടി ഓർമ്മപ്പെടുത്തുന്നു കേരള പോലീസ്.
സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. റെസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളേജുകൾ, ക്ലബ്ബുകൾ, സംഘടനകൾ മുഖേനയാണ് സൗജന്യ പരിശീലനം നൽകുന്നത്. പരിശീലനം ആവശ്യമുള്ളവർക്ക് nodalofficer.wsdt.phq@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.



