4660 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു
അയ്യായിരത്തോളം കുടംബങ്ങൾക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്ന ചരിത്ര മുഹൂർത്തത്തിനാണ് ഏപ്രിൽ 21 സാക്ഷ്യം വഹിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇന്നലെ വരെ ഏതെങ്കിലും ഒരു തണ്ടപ്പേരില്ലാത്ത, ഏതെങ്കിലും ഒരു ഭൂമിയിൽ ജീവിക്കുന്നുണ്ടെങ്കിലും ഭൂമി സ്വന്തമെന്ന് പറയാൻ രേഖയില്ലാത്ത 4660 കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. സർക്കാർ ആഗ്രഹിക്കുന്നത് കേവലം കൈവശമിരിക്കുന്നവർക്ക് പട്ടയം കൊടുക്കുക എന്നത് മാത്രമല്ല, ഭൂമി മലയാളത്തിൽ ഒരു തണ്ടപ്പേരിന് പോലും അർഹരല്ലാതെ ഇപ്പോൾ ജീവിക്കേണ്ടി വരുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭൂമി കൊടുക്കുക എന്നതാണെന്നു മന്ത്രി പറഞ്ഞു. കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയ വിതരണവും വടകര റവന്യൂ ടവറിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഭൂരഹിതരായവർക്ക് സ്വന്തമായി ഭൂമിയും പട്ടയവും നൽകി സംരക്ഷിക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വടകരയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് റവന്യൂ ടവർ നിർമ്മിക്കുന്നത്. രണ്ടു ഘട്ടമായാണ് റവന്യു ടവറിന്റെ നിർമാണം പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ 11 ഓഫിസുകൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയമാകും നിർമിക്കുക. ഇതിൽ താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ഫുഡ് ആൻഡ് സേഫ്റ്റിഓഫിസ്, നടക്കുതാഴ വില്ലേജ് ഓഫിസ്, ചൈൽഡ് ഡവലപ്‌മെന്റ് ഓഫിസ്, റവന്യു റിക്കവറി, ലീഗൽ മെട്രോളജി, ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ, റീസർവെ എന്നിവ ഉൾക്കൊള്ളുന്നതാകും റവന്യൂ ടവർ. എൺപത്തി എട്ടോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻപറ്റുന്ന ബേസ്‌മെന്റ്, രണ്ട് ലിഫ്റ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഒരുക്കും. ജനങ്ങൾക്ക് നിരന്തരം ബന്ധപ്പെടേണ്ട താലൂക്ക് ഓഫീസ്, ട്രഷറി മുതലായവ താഴത്തെ നിലയിൽ പ്രവർത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 28.13 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ആദ്യഗഡുവായി ലഭിച്ച 20 കോടി രൂപ മുതൽ മുടക്കിയാണ് 63 സെന്റ് സ്ഥലത്ത് ഒന്നാം ഘട്ട നിർമ്മാണം ആരംഭിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് കെട്ടിട നിർമ്മാണ ചുമതല. ഒരു വർഷം കൊണ്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകും.
വടകര പുതിയ സ്റ്റാൻഡിൽനിന്ന് ഘോഷയാത്രയോടെയാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ജനങ്ങളും വേദിയിലേക്കെത്തിയത്. എം.എൽ.എ കെ കെ രമ അധ്യക്ഷത വഹിച്ചു. എം.എൽ.എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, വടകര നഗരസഭാംഗങ്ങളായ ടി കെ പ്രഭാകരൻ, പ്രേമകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ഭവന നിർമാണ ബോർഡ് ചീഫ് എൻജിനിയർ കെ പി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.



