കൂപ്പുകുത്തി സൂചികകള്‍

മുംബൈ: കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ആഭ്യന്തര വിപണികള്‍ വീണ്ടും നിലംപതിച്ചു. നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളിലെ കടുത്ത വില്‍പന സമ്മര്‍ദത്തില്‍ പ്രധാന സൂചികകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വ്യാപാരന്ത്യത്തിന്റെ അരമണിക്കൂര്‍ മുമ്പ് വരെ 250 പോയിന്റ് നേട്ടത്തിലായിരുന്ന സെന്‍സെക്സിന് കനത്ത ഉയര്‍ച്ചതാഴ്ച്ചക്കൊടുവില്‍ 700 പോയിന്റിലേറെ നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്. നിഫ്റ്റിയും നിര്‍ണായകമായ മേഖലയായ 17,000 തകര്‍ത്ത് താഴേക്ക് പതിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി ഇടിയുന്നത്.

സെന്‍സെക്സ് 704 പോയിന്റ് താഴ്ന്ന് 56,463ലും നിഫ്റ്റി 215 പോയിന്റ് നഷ്ടത്തില്‍ 16,958-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1.23 ശതമാനവും നിഫ്റ്റി 1.25 ശതമാനവുമാണ് ഇടിഞ്ഞത്.എച്ച്.ഡി.എഫ്.സി.,എച്ച്.ഡി.എഫ്.സി. ലൈഫ്, എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. അപ്പോളോ ഹോസ്പിറ്റല്‍, കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രിസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബി.പി.സി.എല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എഫ്.എം.സി.ജി., ഐ.ടി സൂചികകള്‍ 3 ശതമാനമാണ് ഇടിഞ്ഞത്. ഓട്ടോ, ബാങ്ക്, മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി. ബി.എസ്.ഇ. മിഡ്ക്യാപ് സ്മോള്‍ ക്യാപ് സൂചികകള്‍ 1.2 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികളെല്ലാം നഷ്ടത്തിലേക്ക് നീങ്ങിയതോടെ, നേട്ടത്തിലായിരുന്ന ആഭ്യന്തര വിപണിയിലും തിരിച്ചടി നേരിടുകയായിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് വിപണിക്ക് തിരിച്ചടിയായത്. എഫ്.എം.സി.ജി, ടെക്നോളജി, റിയാല്‍റ്റി വിഭാഗം ഓഹരികളിലാണ് വമ്പന്‍ തിരിച്ചടിയേറ്റത്. ഇതിനോടൊപ്പം എച്ച്.ഡി.എഫ്.സി. ഓഹരികളും ഇന്‍ഫോസിസിലും നേരിടുന്ന വില്‍പന സമ്മര്‍ദവും സൂചികകളെ പിന്നോട്ടടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →