പത്തനംതിട്ട: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയെയും ഏഴ് വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുട്ടിയെ ഇവര്‍ ആറ് വര്‍ഷം മുമ്പ് ദത്തെടുത്തതാണ്.
സോണിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. വിദേശത്ത് ബിസിനസിൽ മുടക്കിയ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദ രോഗം ബാധിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് മരണങ്ങൾ നടന്നതെന്നാണ് കരുതുന്നത്. ഇന്ന് അടുത്ത ബന്ധു വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
മരണത്തിൽ ദുരൂഹതയിലെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജൻ പറഞ്ഞു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് നിഗമനമെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

