ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പ്രഫ. ബിമല്‍ എന്‍. പട്ടേലിനെ യുഎന്നിന്റെ അന്താരാഷ്ട്ര ലോ കമ്മീഷന്‍ അംഗമായി തെരഞ്ഞെടുത്തു. രാജ്യാന്തരനിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനു യുഎന്നിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധരുടെ രാജ്യാന്തര സമിതിയാണിത്. 2023 ജനുവരി മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് ബിമല്‍ പട്ടേലിന്റെ നിയമനം. ഏഷ്യപസഫിക് മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് ഇന്ത്യന്‍ പ്രതിനിധിയുടെ വിജയം. ആകെയുള്ള 192 പ്രതിനിധികളില്‍ 163 പേര്‍ ബിമല്‍ പട്ടേലിനെ പിന്തുണച്ചു. രാഷ്ട്രീയ രക്ഷാ സര്‍വകലാശാല വൈസ്ചാന്‍സലറും ദേശീയ സുരക്ഷാ ഉപദേശക ബോര്‍ഡ് അംഗവുമാണ്. ലോ കമ്മീഷന്‍ അംഗം, ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.



