കണ്ണൂര്‍: നാട്ടിലേക്ക് മടങ്ങാന്‍ ഉടന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി. തടയാനെത്തിയ പൊലീസിനുനേരെ ചിലര്‍ കൈയേറ്റത്തിനു മുതിര്‍ന്നു. കൂടുതല്‍ പൊലീസെത്തി ബലംപ്രയോഗിച്ച് തൊഴിലാളികളെ മടക്കിവിടുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായി. ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൂട്ടത്തില്‍ കുറേപേര്‍ക്ക് ശ്രമിക് സ്പെഷ്യല്‍ ട്രെയിനില്‍ മടങ്ങാന്‍ കഴിഞ്ഞതോടെ തങ്ങള്‍ക്കും സൗകര്യം ഒരുക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
പാലേരി വില്ലേജ് ഓഫീസര്‍ കെ പ്രദീപന് ഇന്നലെ രാവിലെ താമസസ്ഥലത്തെത്തി കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചു മടങ്ങിയിരുന്നു. തുടര്‍ന്ന് പാറക്കടവിലും കുമ്പളത്തുമുള്ള എഴുപതോളം ബിഹാര്‍, പശ്ചിമബംഗാള്‍ സ്വദേശികള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങുകയായിരുന്നു. പേരാമ്പ്ര സബ് ഇന്‍സ്പക്ടര്‍ മനീഷ് എത്തി ഇവരുമായി സംസാരിക്കവേ ചിലര്‍ കൈയേറ്റം ചെയ്തു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിടിച്ചുതള്ളി മാറ്റുകയായിരുന്നു. എസ്ഐയുടെ കൂടെ പൊലീസ് ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി രാജേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി എല്ലാവരെയും മടക്കിയയച്ചു. പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

