ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഭാരത് ബന്ദ്. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, പൊതു പരിപാടികള്‍, ചടങ്ങുകള്‍ ഇന്ന് ഉണ്ടാവില്ല. എങ്കിലും ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തിര സാഹചര്യങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ അടിയന്തര സ്ഥാപനങ്ങളെയും അവശ്യ സേവനങ്ങളെയും ഒഴിവാക്കും. പാല്, പത്രം എന്നിവ പതിവ് പോലെ തന്നെ തടസ്സമുണ്ടാകില്ല. 40 ലക്ഷത്തില്‍ അധികം യൂനിയനുകളടങ്ങുന്നതാണ് കിസാന്‍ മോര്‍ച്ച.
അതേസമയം പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കായി നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഭാരത് ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രാജ്യവ്യാപക പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ എല്‍ഡിഎഫും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച്ച ഉണ്ടാവില്ലെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ ഞായറാഴ്ച്ച അറിയിച്ചിരുന്നു.

