കട്ടപ്പന : ഒന്നരവയസുളള കുഞ്ഞ് ലോറിക്കടിയില്‍ പെട്ട് മരിച്ചു. കട്ടപ്പനക്ക് സമീപം ചേറ്റുകഴിയില്‍ ഇഷ്ടിക നിര്‍മാണ യൂണിറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇവിടെ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദുലാല്‍ ഗുസൈന്റെയും ഖദീജ ബീഗത്തിന്റെയും ഏക മകന് മരുഡ് റാബറിയാണ് അപകടത്തില്‍ പെട്ടത്.
രണ്ടുവര്‍ഷം മുമ്പാണ് ദുലാല്‍ ഇഷ്ടിക കളത്തില്‍ ജോലിക്കു വന്നത്. നാലുമാസം മുമ്പ് നാട്ടില്‍ പോയി വന്നപ്പോള്‍ ഭാര്യയേയും കുഞ്ഞിനെയും കൊണ്ടുവന്നു. ഇഷ്ടിക കളത്തിന് സമീപത്തെ തൊഴിലാളി ലയത്തിലാണ് ഇവരുടെ താമസം. ഖദീജ 2021 ഓഗസ്റ്റ് 18ന് രാവിലെ 8 മണിയോടെ ജോലിക്കിറങ്ങുമ്പോള്‍ കുട്ടി ഉറക്കമായിരുന്നു. പിന്നീട് ഉണര്‍ന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുളള ഇഷ്ടിക കളത്തിലേക്ക് ഓടുന്നതിനിടെ ഇഷ്ടികയും കയറ്റി പോകുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു.
കരച്ചില് കേട്ട തൊഴിലാളികള്‍ ഓടിയെത്തിയപ്പോഴേക്കും ലോറിയുടെ പിന്ടയറുകള് കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി . ലോറി നിര്‍ത്താതെ പോവുകയും ചെയ്തു. പിന്നാലെയെത്തിയ മറ്റൊരു ലോറിയില്‍ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന് പൊലിഞ്ഞിരുന്നു. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ചേറ്റുകുഴി കാവില്‍ മനോജ് മാത്യു(40)വിനെ വണ്ടന്മേട് പോലീസ് കസറ്റഡിയിലെടുത്തു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

