ആയൂർവേദ ആചാര്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു

കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു. 10/07/21 ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം.

കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്​സിന്​ പഠിച്ചു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എൻ.വി. കൃഷ്​ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി.

1945ൽ വൈദ്യപഠനം പൂർത്തിയാക്കി. ‘സ്​മൃതിപർവം’ അദ്ദേഹത്തിൻെറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകൾ’ പോലെ മറ്റു പുസ്​തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്​. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി. ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസി​െൻറ പ്രസിഡൻറായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. സെൻറർ ഫോർ മെഡിസിനൽ പ്ലാൻറ്​സ് റിസർച്ചി​ൻ്റെ (സി.എം.പി.ആർ) പ്രോജക്ട് ഓഫിസർകൂടിയാണ്​ അദ്ദേഹം.

1999ൽ പത്മശ്രീ, 2010ൽ പത്മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ രാജ്യം അ​ദ്ദേഹത്തിന്​ നൽകി. 1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്​ഥമാക്കി. 1999ൽ കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചു.
കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്​.

മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആ​ഗോളപ്രശസ്തമായ ആയു‍ർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നി‍ർണായക പങ്കുവച്ചിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യ‍ർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വള‍ർത്തി എടുത്തു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →