സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ, സൗമ്യയുടെ മകനെ ഏറ്റെടുക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി

ന്യൂഡൽഹി: ഇസ്രയേൽ – പാലസ്തീൻ പോരാട്ടത്തിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കെയർഗിവർ സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ ഇസ്രയേൽ. ആദരസൂചകമായിട്ടാകും ഓണററി പൗരത്വം നൽകുക. സൗമ്യയുടെ മകനെ ഏറ്റെടുക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ 23/05/21 ഞായറാഴ്ച പറഞ്ഞു.

“സൗമ്യയ്ക്ക് ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കും,” റോണി യെദീദിയ ക്ലീന്‍ വ്യക്തമാക്കി.

കുടുംബത്തിൽ ഒരാൾക്ക് ഇസ്രായേലിൽ ജോലിയും കുഞ്ഞിന്റെ സംരക്ഷണവും, നഷ്ട പരിഹാരവും നൽകുമെന്ന് ഇസ്രായേൽ വക്താവ് നേരത്തെ അറിയിച്ചിരുന്നു.

സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും ഇസ്രയേല്‍ കോണ്‍സല്‍ ജനറലും പറഞ്ഞിരുന്നു. സൗമ്യയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം നേരിട്ടെത്തുകയും ചെയ്തിരുന്നു.

ആദരസൂചകമായി പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. ഇസ്രായേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →