ന്യൂഡൽഹി / 2026 / നവംബർ 16

എട്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ലോഗോയും ഭാഗ്യചിഹ്നവും കേന്ദ്ര യുവജനകാര്യ, കായികമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും നവംബർ 15ന് പുറത്തിറക്കി. ഡിസംബർ 11 മുതൽ 22 വരെ തെലങ്കാനയിലെ ആറ് നഗരങ്ങളിലാണ് മേള നടക്കുക. കായികതാരങ്ങളും മറ്റ് പങ്കാളികളും ഉൾപ്പെടെ എണ്ണായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കാനും രാജ്യത്ത് ശക്തമായ കായികസംസ്കാരം വളർത്താനുമുള്ള ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്.
ഹൈദരാബാദ്, ഖമ്മം, കരീംനഗർ, ഹനുമകൊണ്ട, മഹബൂബ്നഗർ, നിസാമാബാദ് എന്നിവയാണ് വേദികൾ. മത്സരയിനങ്ങളായ 27 കായിക ഇനങ്ങളും രണ്ട് പ്രദർശനയിനങ്ങളും ഉൾപ്പെടെ ആകെ 29 ഇനങ്ങൾ മേളയിലുണ്ടാകും. സോഫ്റ്റ്ബോൾ ആദ്യമായി മത്സരയിനമാകും. സെയ്ലിങ്ങും കര്ര സാമുവും ആദ്യമായി പ്രദർശനയിനങ്ങളായും ഇടംപിടിക്കും.

കായികരംഗത്തിലൂടെ യുവാക്കൾക്ക് കരുത്തുപകരുമെന്ന് കേന്ദ്രമന്ത്രി
യുവാക്കളെ കായികരംഗവുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വികസനക്കാഴ്ചപ്പാടിൽ കായികമേഖലയെ ഉൾപ്പെടുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്. യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഖേലോ ഇന്ത്യ പദ്ധതിയിൽ യൂത്ത് ഗെയിംസ്, ബീച്ച് ഗെയിംസ്, വിന്റർ ഗെയിംസ്, ട്രൈബൽ ഗെയിംസ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിൽ മേള സംഘടിപ്പിക്കാൻ നൽകിയ മാർഗനിർദേശത്തിനും പിന്തുണയ്ക്കും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. യുവാക്കളെ കായികരംഗത്തേക്ക് പ്രേരിപ്പിക്കാനും രാജ്യത്ത് ശക്തമായ കായികസംസ്കാരം വളർത്താനും തെലങ്കാന സർക്കാരുമായി ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്നും മാണ്ഡവ്യ പറഞ്ഞു.
വികസിത ഭാരതത്തിനായി ലഹരിമുക്ത യുവതലമുറയെ സൃഷ്ടിക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു. ലഹരിയുപയോഗത്തിൽനിന്നും മറ്റ് സാമൂഹിക വെല്ലുവിളികളിൽനിന്നും മാറിനിൽക്കാൻ യുവാക്കളെ ഇവ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന കായിക, യുവജനകാര്യ മന്ത്രി വാകിട്ടി ശ്രീഹരി, ജലസേചന, കമാൻഡ് ഏരിയ വികസന മന്ത്രി എൻ. ഉത്തം കുമാർ റെഡ്ഡി, സർക്കാരിന്റെ കായികകാര്യ ഉപദേഷ്ടാവും തെലങ്കാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ എ. പി. ജിതേന്ദർ റെഡ്ഡി, ചീഫ് സെക്രട്ടറി സഞ്ജയ് ജാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ജനറലും കായികവകുപ്പ് സെക്രട്ടറിയുമായ ഹരി രഞ്ജൻ റാവുവും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കളരിപ്പയറ്റും യോഗാസനയും ഉൾപ്പെടെ 27 മത്സരയിനങ്ങൾ
അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, ബോക്സിങ്, സൈക്ലിങ്, ഫെൻസിങ്, ഫുട്ബോൾ, ഗട്ക, ജിംനാസ്റ്റിക്സ്, ഹോക്കി, ജൂഡോ, കബഡി, കളരിപ്പയറ്റ്, ഖോഖോ, മല്ലഖംബ്, റോവിങ്, ഷൂട്ടിങ്, നീന്തൽ, സോഫ്റ്റ്ബോൾ, ടേബിൾ ടെന്നീസ്, ടെന്നീസ്, താങ് താ, വോളിബോൾ, ഭാരോദ്വഹനം, ഗുസ്തി, യോഗാസന എന്നിവയാണ് മത്സരയിനങ്ങൾ.
സോഫ്റ്റ്ബോൾ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മത്സരയിനമായി അരങ്ങേറുന്നത് ഇത്തവണയാണ്. സെയ്ലിങ്ങും കര്ര സാമുവും പ്രദർശനയിനങ്ങളായി ആദ്യമായി മേളയുടെ ഭാഗമാകും.
പൈതൃകവും കായികസ്വപ്നങ്ങളും കോർത്തിണക്കി ലോഗോ
തെലങ്കാനയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കായികസ്വപ്നങ്ങളും എട്ട് പ്രധാന ഘടകങ്ങളിലൂടെ ലോഗോയിൽ അവതരിപ്പിക്കുന്നു. കാവിയും പച്ചയും നിറങ്ങളിലുള്ള ഓടുന്ന രൂപം ഉൾപ്പെടുന്ന ഖേലോ ഇന്ത്യ ചിഹ്നം ദേശീയ പദ്ധതിയെയും യുവത്വത്തെയും മുന്നേറ്റത്തെയും പ്രതിനിധീകരിക്കുന്നു. ബാപ്പു ഘാട്ടിൽ നിർദേശിച്ചിരിക്കുന്ന ഗാന്ധി സരോവറിന്റെ ഭാഗമായ ഗാന്ധി ടവർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഹൈദരാബാദിന്റെ ഭാവിക്കാഴ്ചപ്പാടിന്റെയും പ്രതീകമാണ്. കാകതീയ കലാ തോരണം സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകവും അതിഥികളെ വരവേൽക്കുന്ന മനോഭാവവും പ്രതിഫലിപ്പിക്കുന്നു.
ഹുസൈൻ സാഗറിലെ ബുദ്ധപ്രതിമ സൗഹാർദം, അച്ചടക്കം, ശാന്തത എന്നിവയെ സൂചിപ്പിക്കുന്നു. തങ്കേഡു പൂവ് തെലങ്കാനയുടെ സാംസ്കാരിക സ്വത്വവും ബതുകമ്മ ആഘോഷത്തിന്റെ ചൈതന്യവും പ്രതിനിധീകരിക്കുന്നു. പൈതൃകസ്മാരകങ്ങളുടെ രൂപരേഖയ്ക്കൊപ്പം ഏഴ് കായികരൂപങ്ങൾ ചേർന്ന് കായികരംഗത്തിന്റെ ആകാശരേഖ സൃഷ്ടിക്കുന്നു. ചുറ്റുമുള്ള നീല, പച്ച, മഞ്ഞ നിറങ്ങളിലെ റിബൺ ചലനം, ഊർജം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം എന്നിവയുടെ പ്രതീകമാണ്. ‘ഖേൽ കാ ജുനൂൻ, തെലങ്കാന കി ജാൻ ഔർ പെഹ്ചാൻ’ എന്ന ആപ്തവാക്യം കായികാവേശം തെലങ്കാനയുടെ ജീവനും സ്വത്വവുമാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്നു.

യുവത്വത്തിന്റെ ഊർജവുമായി നീലമണി
‘നീലമണി’ എന്ന ഭാഗ്യചിഹ്നം ഊർജം, ചുറുചുറുക്ക്, നിശ്ചയദാർഢ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. യുവത്വത്തിന്റെയും കായികമനോഭാവത്തിന്റെയും പ്രതീകമാണിത്. സാംസ്കാരിക വേരുകളിലുള്ള അഭിമാനവും കൂടുതൽ കരുത്തും ശാരീരികക്ഷമതയും ഐക്യവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടും നീലമണി പ്രതിഫലിപ്പിക്കുന്നു.

നീലമണിയുടെ ശിഖ ഊർജത്തെയും മുന്നോട്ടുള്ള ചലനത്തെയും സൂചിപ്പിക്കുന്നു. കണ്ണുകൾ ഏകാഗ്രത, ബുദ്ധിശക്തി, ഉത്സാഹം എന്നിവയുടെ പ്രതീകമാണ്. കൊക്ക് നിശ്ചയദാർഢ്യവും നേതൃത്വവും സൂചിപ്പിക്കുന്നു. നീലയും നീലപ്പച്ചയും നിറങ്ങളിലുള്ള തൂവലുകൾ പ്രസരിപ്പ്, സ്വാതന്ത്ര്യം, ആത്മവിശ്വാസം എന്നിവ പ്രകടമാക്കുന്നു. പ്രസരിപ്പ്, ധൈര്യം, ചുറുചുറുക്ക്, അഭിമാനം എന്നീ നാല് പ്രധാന ഗുണങ്ങളിലൂടെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ മൂല്യങ്ങളും അഭിലാഷങ്ങളും നീലമണി അവതരിപ്പിക്കുന്നു.
.