ന്യൂഡൽഹി, 2026 നവംബർ 09 –
ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിന് ഒരുവർഷം തികയാനിരിക്കെ, അതിജീവിച്ച ചെറുകിട വ്യാപാരികൾ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കടകൾ വീണ്ടും തുറന്നു. പഴയ ഡൽഹിയിലെ പരിചിതമായ തിരക്കും തിരിച്ചെത്തി. എന്നാൽ പരിക്കുകളുടെ വേദനയും മാനസികാഘാതവും വരുമാനനഷ്ടവും പലരെയും ഇപ്പോഴും പിന്തുടരുന്നു.
2025 നവംബർ പത്തിന് വൈകിട്ട് ഏകദേശം 6.52നാണ് പതിനേഴാം നൂറ്റാണ്ടിലെ മുഗൾകാല സ്മാരകമായ ചെങ്കോട്ടയ്ക്കു സമീപത്തെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ചത്. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഡോക്ടറുമായ ഉമർ ഉൻ നബിയാണ് കാർ ഓടിച്ചിരുന്ന ചാവേർ. ഇയാളും സ്ഫോടനത്തിൽ മരിച്ചു. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിവുപോലെ തിരക്കേറിയിരുന്ന സായാഹ്നം നിമിഷങ്ങൾക്കകം ദുരന്തമായി മാറി.
ഒമ്പതുമാസം ജോലിയില്ല; കടം വാങ്ങി വീണ്ടും കട തുറന്നു
അമ്പതുകാരനായ ഭിന്നശേഷിക്കാരൻ ഭോല ചൗധരി ചെറിയ പുകയിലക്കട നടത്തിയാണ് ജീവിക്കുന്നത്. സ്ഫോടനസമയത്ത് ലാൽ ഖില പൊലീസ് ബൂത്തിനടുത്ത്, പൊട്ടിത്തെറിച്ച കാറിൽനിന്ന് ഏകദേശം 50 മീറ്റർ അകലെയായിരുന്നു അദ്ദേഹം. എന്തോ അതിശക്തമായി തോളിൽ വന്നിടിച്ചു. വേദനകൊണ്ട് പുളഞ്ഞെങ്കിലും ശാരീരിക പരിമിതിമൂലം ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. ആളുകൾ രക്ഷപ്പെടാൻ പരക്കംപാഞ്ഞു. ചിലർ നിലത്തുവീണു. കടയിലെ സാധനങ്ങൾ ചുറ്റും ചിതറിക്കിടന്നു. അനങ്ങാനോ സാധനങ്ങൾ എടുക്കാനോ കഴിയാതെ കൈകൂപ്പി പ്രാർഥിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് പൊലീസുകാർ എത്തി അദ്ദേഹത്തിന്റെ ഉന്തുവണ്ടി ജൈനക്ഷേത്രത്തിലേക്ക് മാറ്റി. ഏതാനും ദിവസം അവിടെ കഴിഞ്ഞു.
കഴിഞ്ഞ 25 വർഷമായി ഈ പ്രദേശത്ത് കച്ചവടം ചെയ്യുന്ന ചൗധരിക്ക് സ്ഫോടനത്തിനുശേഷം മാസങ്ങളോളം ജോലിചെയ്യാനായില്ല. ഒടുവിൽ ബിഹാറിലെ മധേപുരയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് കുടുംബത്തിനരികിലേക്ക് മടങ്ങി. ഏക വരുമാനമാർഗം നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. ഒമ്പതുമാസം ജോലിചെയ്യാനായില്ലെന്നും കടം വാങ്ങിയാണ് വീണ്ടും കട തുറന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെപ്പോലുള്ളവരെയും സർക്കാർ പരിഗണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും അറിയിച്ചു. പഴയ സ്ഥലത്ത് തിരിച്ചെത്തി കച്ചവടം തുടങ്ങിയെങ്കിലും വരുമാനമില്ലാതിരുന്ന മാസങ്ങളിലെ സാമ്പത്തികഭാരം ഇപ്പോഴും തുടരുകയാണ്.
കുനിഞ്ഞുനിന്ന നിമിഷം ജീവൻ രക്ഷിച്ചെന്ന് വിജയ് യാദവ്
വെള്ളവും സോഡയും വിൽക്കുന്ന അമ്പതുകാരനായ വിജയ് യാദവ് സ്ഫോടനസമയത്ത് കാറിൽനിന്ന് ഏകദേശം 20 മീറ്റർ അകലെയായിരുന്നു. വെള്ളമെടുക്കാൻ കുനിഞ്ഞുനിന്ന നിമിഷമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നിട്ടും ചില്ലുകഷണങ്ങൾ ഉന്തുവണ്ടിയിലും കൈയിലും തുളച്ചുകയറി. ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. വണ്ടി മാറ്റാൻ ശ്രമിച്ചെങ്കിലും കാറുകളിൽ തീപടരുകയും അധികൃതർ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന പണംപോലും എടുക്കാനായില്ല. മെട്രോ സ്റ്റേഷനിലേക്ക് ഓടിയെത്തിയപ്പോഴാണ് രക്തം ഒഴുകുന്നത് ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആശയക്കുഴപ്പത്തിനും ഒഴിപ്പിക്കലിനുമിടയിൽ പരിക്കിന്റെ ഗൗരവം ഉടൻ തിരിച്ചറിഞ്ഞില്ലെന്ന് യാദവ് പറഞ്ഞു. പിറ്റേന്ന് രാവിലെ സർക്കാർ ആശുപത്രിയിലെത്തിയെങ്കിലും പ്രവേശനം നിഷേധിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം. തുടർന്ന് ബിഹാറിലെ സഹർസയിലുള്ള വീട്ടിലേക്ക് മടങ്ങി അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ചികിത്സയ്ക്ക് 50,000 മുതൽ 60,000 രൂപവരെ ചെലവായെന്നും സർക്കാർ തങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതം പഴയപടിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചികിത്സാച്ചെലവും വഹിക്കേണ്ടിവന്നത്. ദിവസവരുമാനത്തെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഏതാനും മാസം ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതുപോലും കടവും അനിശ്ചിതത്വവും വർധിപ്പിക്കുന്ന അവസ്ഥയാണ്.
ദുരന്തം നേരിൽ കണ്ടവരെയും വിട്ടുമാറാതെ നടുക്കം
നേരിട്ട് പരിക്കേൽക്കാത്തവരുടെ മനസ്സിലും ദുരന്തത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞുകിടക്കുന്നു. ജൈനക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനായ ശ്രീകാന്ത് ഗുപ്ത സ്ഫോടനത്തിനു പിന്നാലെ ആകാശം കറുത്തതുപോലെ തോന്നിയെന്ന് ഓർക്കുന്നു. നിമിഷങ്ങൾക്കുശേഷം ചുറ്റും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടു. മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ച ഭീകരദൃശ്യങ്ങൾ വിവരിക്കാൻപോലും അദ്ദേഹം ബുദ്ധിമുട്ടി.
തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിൽ സാധാരണ സായാഹ്നം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇത്തരമൊരു ദുരന്തമായി മാറിയത് അന്നവിടെയുണ്ടായിരുന്നവർക്ക് ഉൾക്കൊള്ളാനായില്ല. ജീവൻ രക്ഷിക്കാൻ ആളുകൾ ഓടിയതും റോഡിൽ മൃതദേഹങ്ങൾ കിടന്നതുമായ ഓർമകൾ അതിജീവിച്ചവരിൽ പലരെയും ഇപ്പോഴും വേട്ടയാടുന്നു.
ചാന്ദ്നി ചൗക്കിന്റെ തിരക്കിനൊപ്പം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമം
ഒരുവർഷത്തിനിപ്പുറം ചാന്ദ്നി ചൗക്ക് പതിവുതാളത്തിൽ മുന്നോട്ടുപോകുന്നു. നിരവധി ആരാധനാലയങ്ങളുള്ള, തലസ്ഥാനത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായ പ്രദേശത്ത് ജനത്തിരക്ക് തുടരുന്നു. ലെഹങ്കകളും മറ്റു പരമ്പരാഗത വസ്ത്രങ്ങളും തേടി ആളുകൾ കടകളിലെത്തുന്നു. ഭക്തർ വിവിധ ആരാധനാലയങ്ങളിലേക്ക് പോകുന്നു. ഇടുങ്ങിയ വഴികളിൽ കച്ചവടക്കാർ ഉപഭോക്താക്കളെ വിളിക്കുന്ന ശബ്ദവും പ്രദേശത്തെ പ്രശസ്തമായ ചാട്ട് വിഭവങ്ങൾ ആസ്വദിക്കുന്ന സന്ദർശകരുടെ തിരക്കും പഴയപോലെ തുടരുന്നു.
അതിജീവിച്ച ചിലർ ശാരീരികമായും സാമ്പത്തികമായും ഇപ്പോഴും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അതേ തെരുവുകളിലേക്ക് മടങ്ങിയത് അനുഭവിച്ച ദുരന്തത്തിനിടയിലും മുന്നോട്ടുപോകാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് കാണിക്കുന്നത്. സ്ഫോടനം ജീവിതോപാധികൾ തകർക്കുകയും ഉണങ്ങാൻ സമയമെടുക്കുന്ന മുറിവുകളും ഓർമകളും അവശേഷിപ്പിക്കുകയും ചെയ്തു. എന്നിട്ടും ചാന്ദ്നി ചൗക്കിന്റെ വെളിച്ചവും അവിടെ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരുടെ മുന്നോട്ടുപോകാനുള്ള കരുത്തും അണഞ്ഞിട്ടില്ല. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള വഴികളിൽ ജീവിതം മുന്നോട്ടുനീങ്ങുമ്പോഴും ചിലർക്ക് ആ സായാഹ്നം ഇന്നലെ സംഭവിച്ചതുപോലെ വ്യക്തമാണ്.