പ്രധാന വിവരങ്ങൾ
- ബഹിരാകാശ മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് പങ്കെടുക്കാൻ കേന്ദ്ര സർക്കാർ അവസരമൊരുക്കി.
- രജിസ്റ്റർ ചെയ്ത ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം 2026 ഓഗസ്റ്റിൽ ഏകദേശം 440 ആയി ഉയർന്നു.
- സ്വകാര്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന ഏകജാലക സംവിധാനമായി ഇൻസ്പേസ് പ്രവർത്തിക്കുന്നു.
- സ്റ്റാർട്ടപ്പുകളുടെ വിവിധ വളർച്ചാഘട്ടങ്ങൾക്കായി പ്രത്യേക ധനസഹായ പദ്ധതികളും വെഞ്ചർ ക്യാപിറ്റൽ ഫണ്ടും ഒരുക്കിയിട്ടുണ്ട്.
- 2033ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ 4,400 കോടി യുഎസ് ഡോളറിലെത്തുമെന്നാണ് സർക്കാർ കണക്കാക്കുന്നത്
ന്യൂഡൽഹി / 2026 / നവംബർ 16
ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വിപുലമാക്കി ഇന്ത്യ. ഉപഗ്രഹ നിർമാണം മുതൽ റോക്കറ്റ് വിക്ഷേപണവും ബഹിരാകാശ അധിഷ്ഠിത സേവനങ്ങളും വരെയുള്ള പ്രവർത്തനങ്ങളിൽ സ്വകാര്യ സംരംഭങ്ങൾക്ക് അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഐഎസ്ആർഒയുടെയും ബഹിരാകാശ വകുപ്പിന്റെയും നേതൃത്വത്തിൽ വളർന്ന ഈ മേഖലയിൽ നയപരിഷ്കാരങ്ങൾ, വിദേശനിക്ഷേപ ഇളവുകൾ, വ്യക്തമായ അനുമതിനടപടികൾ, പ്രത്യേക ധനസഹായ പദ്ധതികൾ എന്നിവയിലൂടെയാണ് മാറ്റം കൊണ്ടുവരുന്നത്. നവംബർ 15ന് രാവിലെ 11.05ന് ന്യൂഡൽഹിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലാണ് ഈ മുന്നേറ്റങ്ങൾ വിവരിക്കുന്നത്.
സർക്കാർ നേതൃത്വത്തിൽ തുടക്കം; സ്വകാര്യ പങ്കാളിത്തത്തിലേക്ക് വളർച്ച
കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടായി. ശാസ്ത്രീയ ഗവേഷണത്തിലെ ആദ്യ ചുവടുകളിൽനിന്ന് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ബഹിരാകാശ പരിപാടിയായി രാജ്യം വളർന്നു. ദേശീയതലത്തിലെ തുടർച്ചയായ ലക്ഷ്യബോധവും സ്ഥാപനങ്ങളുടെ ദീർഘവീക്ഷണവും തദ്ദേശീയ സാങ്കേതികവിദ്യയിലെ പുതുമകളുമാണ് ഇതിന് അടിത്തറയായത്. ഇപ്പോൾ വാണിജ്യപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്ന ഘട്ടത്തിലേക്കാണ് മേഖല കടക്കുന്നത്. സ്വകാര്യ പങ്കാളിത്തം വർധിക്കുന്നത് വ്യവസായശേഷിയും സാങ്കേതികശേഷിയും കൂടുതൽ വികസിപ്പിക്കുന്നു.
ശക്തമായ സ്ഥാപനസംവിധാനത്തിലൂടെയായിരുന്നു ഈ യാത്രയുടെ തുടക്കം. 1962ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന ഇൻകോസ്പാർ രൂപീകരിച്ചു. ആണവോർജ വകുപ്പിന് കീഴിൽ പ്രവർത്തിച്ച ഈ സമിതിയാണ് ഇന്ത്യയുടെ ആദ്യകാല ബഹിരാകാശ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്. ഇൻകോസ്പാറിന് പകരമായി 1969 ഓഗസ്റ്റിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ നിലവിൽവന്നു. 1972 ജൂണിൽ കേന്ദ്ര സർക്കാർ ബഹിരാകാശ കമ്മീഷനും ബഹിരാകാശ വകുപ്പും രൂപീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഐഎസ്ആർഒയെ ബഹിരാകാശ വകുപ്പിന് കീഴിലാക്കി.
രാജ്യത്തിന്റെ ബഹിരാകാശ ശേഷി വളർന്നതോടെ കൂടുതൽ സ്ഥാപനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. പ്രധാനമായും സർക്കാർ നേരിട്ട് പ്രവർത്തനങ്ങൾ നടത്തുന്ന രീതിയിൽനിന്ന് കൂടുതൽ വിശാലമായ സംവിധാനത്തിലേക്ക് മാറേണ്ടിവന്നു. ഇതോടെ പൊതുമേഖലയുടെ നേതൃത്വം നിലനിർത്തിക്കൊണ്ട് സ്വകാര്യ മേഖലയിലെ പുതുമകൾക്കും നിക്ഷേപത്തിനും സംരംഭകത്വത്തിനും പിന്തുണ നൽകുന്ന സമീപനം സ്വീകരിച്ചു. പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും വ്യക്തമായ ഫലങ്ങൾ കൈവരിക്കുന്നതിനും ഭരണസംവിധാനത്തിൽ കൂടുതൽ പ്രാധാന്യം നൽകി.
2020 ജൂൺ 24നാണ് ഈ മാറ്റത്തിലെ നിർണായക തീരുമാനം ഉണ്ടായത്. ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്ന പരിഷ്കാരങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പൊതുമേഖലയും സ്വകാര്യ മേഖലയും സഹകരിക്കുന്ന രീതിക്ക് ഇതോടെ അടിത്തറയായി. ദേശീയ ശേഷി വികസിപ്പിക്കുന്നതിലും വാണിജ്യ അവസരങ്ങൾ കണ്ടെത്തുന്നതിലും ആഗോള മത്സരക്ഷമത ഉയർത്തുന്നതിലും സ്വകാര്യ മേഖലയെ സജീവ പങ്കാളിയായി മാറ്റുന്നതായിരുന്നു പരിഷ്കാരങ്ങൾ. വികസിച്ചുവരുന്ന ആഗോള വാണിജ്യ ബഹിരാകാശ വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും വ്യവസായ പങ്കാളിത്തം വർധിപ്പിക്കാനും ഇതിലൂടെ വഴിതുറന്നു.
ഈ മാറ്റത്തിന്റെ വ്യാപ്തി കണക്കുകളിലും കാണാം. 2023ൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ ഏകദേശം 840 കോടി യുഎസ് ഡോളറായിരുന്നു. ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ഏകദേശം രണ്ടുശതമാനമായിരുന്നു ഇത്. 2026 ഓഗസ്റ്റിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ ഏകദേശം 900 കോടി യുഎസ് ഡോളറായി. രജിസ്റ്റർ ചെയ്ത ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം 2014ലെ ഒന്നിൽനിന്ന് 2026 ഓഗസ്റ്റിൽ ഏകദേശം 440 ആയി ഉയർന്നു.
ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലെ ആകെ നിക്ഷേപം 2021–22ലെ 10.05 കോടി യുഎസ് ഡോളറിൽനിന്ന് 2026 മാർച്ച് 31ഓടെ 61.85 കോടി യുഎസ് ഡോളറായി വർധിച്ചു. 1990 മുതൽ 2014 വരെ 35 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒ, 2014 മുതൽ 2026 ജനുവരി വരെ 399 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. 2026 മധ്യത്തോടെ ബഹിരാകാശ മേഖലയിലേക്ക് 1,745.40 കോടി രൂപയുടെ 11 നേരിട്ടുള്ള വിദേശനിക്ഷേപ നിർദേശങ്ങൾ സർക്കാരിന് ലഭിച്ചു. 2026 ജൂണിലെ കണക്കനുസരിച്ച് 61 രാജ്യങ്ങളും അഞ്ച് ബഹുരാഷ്ട്ര സംഘടനകളുമായി ഇന്ത്യയ്ക്ക് മുന്നൂറിലധികം ബഹിരാകാശ സഹകരണ കരാറുകളുണ്ട്.
അനുമതികൾക്ക് ഇൻസ്പേസ്; വാണിജ്യപ്രവർത്തനങ്ങൾക്ക് എൻഎസ്ഐഎൽ
പരിഷ്കാരങ്ങളിലൂടെ സർക്കാരിതര സ്ഥാപനങ്ങൾക്ക് ബഹിരാകാശ മേഖലയിലെ മുഴുവൻ പ്രവർത്തനശൃംഖലയിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. ഘടകങ്ങൾ വിതരണം ചെയ്യുന്നതിലും സേവനങ്ങൾ നൽകുന്നതിലും ഒതുങ്ങിയിരുന്ന അവരുടെ പങ്ക് കൂടുതൽ വിപുലമായി. സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണാനുമതികൾ ലഭ്യമാക്കാൻ ഏകജാലക സംവിധാനമായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ എന്ന ഇൻസ്പേസും രൂപീകരിച്ചു. ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.
സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ബഹിരാകാശ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുക, മേൽനോട്ടം വഹിക്കുക എന്നിവയാണ് ഇൻസ്പേസിന്റെ ചുമതലകൾ. സുരക്ഷയും പ്രവർത്തന മുൻഗണനകളും പരിഗണിച്ച് ഐഎസ്ആർഒയുടെ സൗകര്യങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ദൗത്യസുരക്ഷ, വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പ്, ഭ്രമണപഥത്തിന്റെയും ആവൃത്തികളുടെയും ഏകോപനം, ബഹിരാകാശ പേടകങ്ങളുടെ രജിസ്ട്രേഷൻ, സുരക്ഷാ ആവശ്യകതകൾ എന്നിവയും ഇൻസ്പേസ് കൈകാര്യം ചെയ്യുന്നു.
ബഹിരാകാശ വകുപ്പിന്റെ വാണിജ്യവിഭാഗമായി ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന എൻഎസ്ഐഎൽ 2019 മാർച്ചിൽ രൂപീകരിച്ചു. പൊതുപണം ഉപയോഗിച്ച് വികസിപ്പിച്ച സാങ്കേതികവിദ്യകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താനുള്ള ചുമതല പിന്നീട് സ്ഥാപനത്തിന് നൽകി. സർക്കാരിന്റെയും മറ്റു ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ ഏകോപിപ്പിക്കുകയും ഈ സാങ്കേതികവിദ്യകളും സേവനങ്ങളും ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ വിപണനം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നതും ചുമതലയായി. സ്വകാര്യ സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ബാധകമായ ലൈസൻസ്, സുരക്ഷ, സംരക്ഷണ നിബന്ധനകൾ തുടർന്നും ബാധകമാണ്. സർക്കാരുമായി സംവദിക്കാനും മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കാനുമുള്ള വ്യവസായ വേദിയായി ഇന്ത്യൻ സ്പേസ് അസോസിയേഷൻ 2021 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങി.
ഈ സ്ഥാപനസംവിധാനത്തിന്റെ ഫലങ്ങളും കുറിപ്പിൽ വിശദീകരിക്കുന്നു. എൻഎസ്ഐഎല്ലിന്റെ വരുമാനം 2021–22 സാമ്പത്തിക വർഷത്തിലെ 321.77 കോടി രൂപയിൽനിന്ന് 2024–25ൽ മൂവായിരം കോടി രൂപയ്ക്കുമുകളിലെത്തി. ഐഎസ്ആർഒയുടെ 83 സാങ്കേതികവിദ്യകൾ കൈമാറുന്നതിനായി എൻഎസ്ഐഎൽ 118 കരാറുകൾ ഒപ്പിട്ടു. 2026 ജനുവരി 31 വരെ വ്യവസായ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി 71 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾക്ക് ഇൻസ്പേസ് സൗകര്യമൊരുക്കി.
2026 മധ്യത്തോടെ 52 സർക്കാരിതര സ്ഥാപനങ്ങൾക്ക് ഇൻസ്പേസ് 113 അനുമതികൾ നൽകി. ഇതിൽ 18 സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളാണ്. ഇന്ത്യയിലെ ആറു സർക്കാരിതര സ്ഥാപനങ്ങൾ ചേർന്ന് 18 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. പിഎസ്എൽവിയുടെ ഭ്രമണപഥ പരീക്ഷണ മൊഡ്യൂളായ പോയം വേദികളിൽ 25 പേലോഡുകൾ പറത്തുകയോ പറത്താൻ നിശ്ചയിക്കുകയോ ചെയ്തു.
ഇന്ത്യൻ ബഹിരാകാശ നയം 2023 പ്രധാന സ്ഥാപനങ്ങളുടെ ചുമതലകൾ വ്യക്തമായി നിർവചിച്ചു. ബഹിരാകാശ മേഖലയിലെ ഏകോപിത പങ്കാളിത്തത്തിനുള്ള ചട്ടക്കൂടും ഒരുക്കി. നയപ്രകാരം ഐഎസ്ആർഒ നൂതന ഗവേഷണം, പുതുതായി വികസിക്കുന്ന സാങ്കേതികവിദ്യകൾ, ദേശീയ ദൗത്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വികസനം പൂർത്തിയാക്കി പ്രവർത്തനക്ഷമമായ സംവിധാനങ്ങൾ നിർമാണത്തിനും വാണിജ്യ ഉൽപ്പാദനത്തിനുമായി വ്യവസായ മേഖലയ്ക്ക് കൈമാറും. സ്വകാര്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും അനുമതി നൽകുന്നതിലുമുള്ള ഇൻസ്പേസിന്റെ പങ്കും സാങ്കേതികവിദ്യകളും സേവനങ്ങളും വാണിജ്യവൽക്കരിക്കുന്നതിലുള്ള എൻഎസ്ഐഎല്ലിന്റെ ചുമതലയും നയം ഉറപ്പിച്ചു. ഉപഗ്രഹ നിർമാണം, വിക്ഷേപണവാഹന വികസനം, ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ എന്നിവ തുടക്കംമുതൽ അവസാനംവരെ ഏറ്റെടുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും അവസരം നൽകി.
വിദേശനിക്ഷേപത്തിന് ഇളവ്; പ്രവർത്തനങ്ങൾക്ക് വ്യക്തമായ ചട്ടങ്ങൾ
ദീർഘകാലമായി ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിദേശനിക്ഷേപത്തിന് സർക്കാർ അനുമതി നിർബന്ധമായിരുന്നു. സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഈ വ്യവസ്ഥയിൽ ഇളവ് കൊണ്ടുവന്നു. ബഹിരാകാശ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിലെ ഭേദഗതികൾക്ക് 2024 ഫെബ്രുവരി 21ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിശ്ചിത പരിധിക്കുള്ളിൽ സർക്കാർ മുൻകൂർ അനുമതി ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് മാർഗത്തിലൂടെ വിദേശനിക്ഷേപം അനുവദിക്കുന്ന വ്യവസ്ഥകൾ 2024 ഏപ്രിൽ 16ന് പ്രാബല്യത്തിൽവന്നു.
ഉപഗ്രഹ നിർമാണവും പ്രവർത്തനവും, ഉപഗ്രഹ ഡാറ്റാ ഉൽപ്പന്നങ്ങൾ, ഭൂതല സംവിധാനങ്ങൾ, ഉപയോക്തൃ സംവിധാനങ്ങൾ എന്നിവയിൽ ഓട്ടോമാറ്റിക് മാർഗത്തിലൂടെ 74 ശതമാനംവരെ വിദേശനിക്ഷേപം അനുവദിക്കും. വിക്ഷേപണവാഹനങ്ങളിലും ബഹിരാകാശ വിക്ഷേപണകേന്ദ്രങ്ങളിലും പരിധി 49 ശതമാനമാണ്. ഘടകങ്ങളിലും ഉപസംവിധാനങ്ങളിലും നൂറുശതമാനംവരെ വിദേശനിക്ഷേപം അനുവദിക്കും. നിശ്ചിത പരിധിക്ക് മുകളിലുള്ള നിക്ഷേപത്തിന് സർക്കാർ അനുമതി വേണം.
ഇന്ത്യൻ ബഹിരാകാശ നയം 2023 നടപ്പാക്കുന്നതിനായി ഇൻസ്പേസ് 2024 മേയ് മൂന്നിന് മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കി. ഏതെല്ലാം ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ഇൻസ്പേസ് അനുമതി വേണം, അനുമതി നൽകാനുള്ള യോഗ്യതകൾ എന്തെല്ലാം, അപേക്ഷകർ പാലിക്കേണ്ട വ്യവസ്ഥകൾ എന്തെല്ലാം എന്നിവ ഇതിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭൂപ്രദേശത്തുനിന്നോ ഇന്ത്യൻ ഭൂപ്രദേശത്തേക്കോ ഇന്ത്യയുടെ അധികാരപരിധിക്കുള്ളിലോ ബഹിരാകാശ പ്രവർത്തനങ്ങൾ നടത്തുന്ന ഏതു സ്ഥാപനത്തിനും ഈ അനുമതി ആവശ്യമാണ്.
സ്റ്റാർട്ടപ്പുകളുടെ ഓരോ വളർച്ചാഘട്ടത്തിനും അനുയോജ്യമായ ധനസഹായ പദ്ധതികളും ഇൻസ്പേസ് നടപ്പാക്കുന്നു. 2024ൽ ആരംഭിച്ച പ്രീ ഇൻക്യുബേഷൻ എന്റർപ്രണർഷിപ്പ് പരിപാടി 21 മാസം നീളുന്നതാണ്. ആശയരൂപീകരണം, നവീകരണം, പരീക്ഷണ മാതൃകയുടെ പ്രകടനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. തുടക്കഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളുടെ ആശയങ്ങളെ പരീക്ഷണ മാതൃകകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനൊപ്പം സംരംഭകശേഷിയും അനുബന്ധ ബിസിനസ് കഴിവുകളും വികസിപ്പിക്കാനും സഹായിക്കും.
2023ൽ ആരംഭിച്ച ഇൻസ്പേസ് സീഡ് ഫണ്ട് പദ്ധതി 2022 ജൂലൈ ഒന്നിനോ അതിനുശേഷമോ സ്ഥാപിതമായ തുടക്കഘട്ട ബഹിരാകാശ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നു. പുതിയ ആശയം പ്രവർത്തനക്ഷമമാണെന്ന് തെളിയിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പദ്ധതി സഹായിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പിന് പരമാവധി ഒരുകോടി രൂപ ഗ്രാന്റ് ലഭിക്കും. നിശ്ചിത പുരോഗതി കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മൂന്നോ അതിലധികമോ ഗഡുക്കളായാണ് തുക നൽകുന്നത്.
ഒരു ആശയം വിജയിച്ചുകഴിഞ്ഞാൽ അതിനെ ഉൽപ്പന്നമാക്കി മാറ്റുകയാണ് അടുത്ത വെല്ലുവിളി. ഇതിനായി 500 കോടി രൂപയുടെ ആകെ വകയിരുത്തലോടെ ടെക്നോളജി അഡോപ്ഷൻ ഫണ്ട് 2025 ഫെബ്രുവരിയിൽ സ്ഥാപിച്ചു. ബഹിരാകാശ മേഖലയിലെ നൂതന സാങ്കേതികവിദ്യകളുടെ വികസനവും വാണിജ്യവൽക്കരണവുമാണ് ലക്ഷ്യം. തുടക്കഘട്ട സാങ്കേതികവിദ്യകളെ വിപണിയിൽ നിലനിൽക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സർക്കാരിതര സ്ഥാപനങ്ങൾക്ക് ഭാഗിക ധനസഹായം നൽകും. സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പദ്ധതി ചെലവിന്റെ 60 ശതമാനംവരെയും വൻകിട വ്യവസായങ്ങൾക്ക് 40 ശതമാനംവരെയും സഹായം ലഭിക്കും. ഓരോ പദ്ധതിക്കും പരമാവധി 25 കോടി രൂപയാണ് പരിധി.
വളരുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനം വിപുലീകരിക്കാൻ കൂടുതൽ മൂലധനം ആവശ്യമാണ്. ഇതിനായി ഇൻസ്പേസിന്റെ മേൽനോട്ടത്തിൽ ആയിരം കോടി രൂപയുടെ വെഞ്ചർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കാൻ 2024ൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കമ്പനിയുടെ വളർച്ചാഘട്ടം, വളർച്ചയുടെ ഗതി, ദേശീയ ബഹിരാകാശ ശേഷിയിൽ ഉണ്ടാക്കാവുന്ന സ്വാധീനം എന്നിവ കണക്കിലെടുത്ത് ഓരോ കമ്പനിക്കും പത്തുമുതൽ അറുപതുകോടി രൂപവരെ നിക്ഷേപിക്കാനാണ് നിർദേശം. വളർച്ചാഘട്ടത്തിലുള്ള കമ്പനികളിൽ പത്തുമുതൽ മുപ്പതുകോടി രൂപവരെയും വളർച്ചയുടെ പിന്നീടുള്ള ഘട്ടത്തിലെ കമ്പനികളിൽ മുപ്പതുമുതൽ അറുപതുകോടി രൂപവരെയും ഓഹരി നിക്ഷേപമാണ് സൂചിപ്പിച്ചിരിക്കുന്നത്.
സ്വകാര്യ റോക്കറ്റുകൾ മുതൽ വ്യവസായ നിർമാണംവരെ
ബഹിരാകാശ പരിഷ്കാരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്കും വിക്ഷേപണരംഗം തുറന്നുകൊടുത്തു. ഇതിലെ ആദ്യ പ്രധാന നേട്ടം 2022 നവംബറിലായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ് ഇന്ത്യയിൽ സ്വകാര്യമായി വികസിപ്പിച്ച ആദ്യ റോക്കറ്റായ വിക്രം എസ് വിജയകരമായി വിക്ഷേപിച്ചു. ഇൻസ്പേസ് അനുമതി നൽകിയ രാജ്യത്തെ ആദ്യ സ്വകാര്യ വിക്ഷേപണവുമായിരുന്നു ഇത്. മിഷൻ പ്രാരംഭ് എന്ന പേരിൽ നടന്ന ദൗത്യത്തിൽ ഉപഭോക്താക്കളുടെ മൂന്ന് പേലോഡുകൾ ഉണ്ടായിരുന്നു. ഭാവിയിലെ ഭ്രമണപഥ ദൗത്യങ്ങൾക്ക് ആവശ്യമായ നിർണായക വിക്ഷേപണ സാങ്കേതികവിദ്യകൾ പരിശോധിക്കാൻ സെൻസറുകൾ ഘടിപ്പിച്ചവയായിരുന്നു ഇവ.
2024 മേയിൽ അഗ്നികുൽ കോസ്മോസും നേട്ടം കൈവരിച്ചു. ശ്രീഹരിക്കോട്ടയിലെ ഇന്ത്യയുടെ ആദ്യ സ്വകാര്യ വിക്ഷേപണത്തറയായ ധനുഷിൽനിന്ന് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ സർക്കാരിതര സ്ഥാപനമായി അഗ്നികുൽ മാറി. ഒറ്റഭാഗമായി ത്രിമാന അച്ചടിയിലൂടെ നിർമിച്ച ലോകത്തിലെ ആദ്യ സെമി ക്രയോജനിക് റോക്കറ്റ് എൻജിന്റെ പ്രവർത്തനവും ദൗത്യത്തിൽ തെളിയിച്ചു. തദ്ദേശീയ റോക്കറ്റ് നിർമാണത്തിലും പ്രൊപ്പൽഷൻ സാങ്കേതികവിദ്യയിലുമുള്ള പുരോഗതിയാണ് ഇത് പ്രകടമാക്കിയത്.
2026 ജൂലൈ 18ന് സ്കൈറൂട്ട് എയ്റോസ്പേസിന്റെ ചെറു ഉപഗ്രഹ വിക്ഷേപണവാഹനമായ വിക്രം ഒന്ന് ആദ്യ പറക്കലിൽത്തന്നെ വിജയകരമായി ഭ്രമണപഥത്തിലെത്തിയതായും കുറിപ്പിൽ പറയുന്നു. മിഷൻ ആഗമൻ എന്നായിരുന്നു ദൗത്യത്തിന്റെ പേര്. ഇന്ത്യൻ മണ്ണിൽനിന്ന് ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി റോക്കറ്റ് ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നത് ആദ്യമായിരുന്നു. ബഹിരാകാശ പരിഷ്കാരങ്ങളിലൂടെ ലഭിച്ച സ്വകാര്യ പങ്കാളിത്തമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.
ഐഎസ്ആർഒയുടെ വിക്ഷേപണവാഹനങ്ങൾ വ്യവസായ മേഖല നിർമിക്കുന്നതിലേക്കുള്ള മാറ്റവും പ്രധാന നേട്ടമാണ്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ വിക്ഷേപണവാഹനങ്ങളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും ഐഎസ്ആർഒയാണ് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങൾ ഘടകങ്ങളും സേവനങ്ങളും നൽകിയിരുന്നു. പരിഷ്കാരങ്ങളോടെ തുടക്കംമുതൽ അവസാനംവരെയുള്ള വ്യവസായ ഉൽപ്പാദനത്തിന് വഴിതുറന്നു. അഞ്ച് പിഎസ്എൽവി എക്സ്എൽ വിക്ഷേപണവാഹനങ്ങൾ നിർമിക്കുന്നതിനായി 2022 സെപ്റ്റംബർ അഞ്ചിന് എൻഎസ്ഐഎൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. എച്ച്എഎൽ–എൽ ആൻഡ് ടി കൂട്ടായ്മയിലെ മുഖ്യസ്ഥാപനമാണ് എച്ച്എഎൽ.
ചെറു ഉപഗ്രഹ വിക്ഷേപണവാഹനമായ എസ്എസ്എൽവിയുടെ സാങ്കേതികവിദ്യ വ്യവസായ ഉൽപ്പാദനത്തിനായി എച്ച്എഎല്ലിന് കൈമാറാനും കരാറായി. 2025 സെപ്റ്റംബർ പത്തിന് എൻഎസ്ഐഎൽ, ഐഎസ്ആർഒ, ഇൻസ്പേസ്, എച്ച്എഎൽ എന്നിവ ചേർന്നാണ് സാങ്കേതികവിദ്യാ കൈമാറ്റ കരാർ ഒപ്പിട്ടത്. ആഭ്യന്തര നിർമാണം ശക്തിപ്പെടുത്താനും കൂടുതൽ വ്യവസായ സ്ഥാപനങ്ങളെ പങ്കാളികളാക്കാനും പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം ആഴത്തിലാക്കാനും ഇത് സഹായിച്ചു.
2033ൽ 4,400 കോടി ഡോളറിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥ ലക്ഷ്യം
വ്യക്തമായ നയവും സ്ഥാപനങ്ങൾ തമ്മിലുള്ള വിശ്വാസവും സംരംഭക മനോഭാവമുള്ള യുവാക്കളും ചേർന്നാൽ വലിയ ലക്ഷ്യങ്ങൾ നേട്ടങ്ങളാക്കി മാറ്റാമെന്നാണ് ഇന്ത്യയുടെ ബഹിരാകാശ യാത്ര കാണിക്കുന്നത്. വ്യവസായ നേതൃത്വത്തിലുള്ള പങ്കാളിത്തത്തിലൂടെ 2033ഓടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ ഏകദേശം 4,400 കോടി യുഎസ് ഡോളറായി ഉയരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അപ്പോഴേക്കും ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ഏകദേശം എട്ടുശതമാനം ഇന്ത്യയുടേതാകുമെന്നാണ് പ്രതീക്ഷ. 2040ഓടെ പതിനായിരം കോടി യുഎസ് ഡോളറിലെത്തുമെന്നും സർക്കാർ കണക്കാക്കുന്നു.
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സ്റ്റാർട്ടപ്പുകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഐഎസ്ആർഒ, എൻഎസ്ഐഎൽ, ഇൻസ്പേസ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കും. പുതിയ ശേഷികൾ വികസിപ്പിക്കുക, നൈപുണ്യമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, യുവപ്രതിഭകളെ വളർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. തുടർച്ചയായ സഹകരണവും നൈപുണ്യവികസനവും ഉറപ്പാക്കുന്ന ഈ പങ്കാളിത്തം ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ പദ്ധതികളുടെ ആശയവും പ്രതിഫലിപ്പിക്കുന്നു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

