ന്യൂഡൽഹി / 2026 / നവംബർ 17
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിൽ പ്രത്യേക കൈത്തറി കരകൗശല പ്രദർശന വിപണനമേള കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിങ് ഉദ്ഘാടനം ചെയ്തു. നവംബർ 16നായിരുന്നു ഉദ്ഘാടനം. രാജ്യത്തിന്റെ കൈത്തറി, കരകൗശല പൈതൃകം അവതരിപ്പിക്കുന്ന മേളയുടെ ഇത്തവണത്തെ പ്രമേയം ‘വികാസ് ഔർ വിരാസത്’, അഥവാ വികസനവും പൈതൃകവുമാണ്. നെയ്ത്തുകാർക്കും കരകൗശല തൊഴിലാളികൾക്കും നേരിട്ട് വിപണി ലഭ്യമാക്കാൻ ദേശീയ കൈത്തറി വികസന കോർപ്പറേഷനാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. അഡീഷണൽ സെക്രട്ടറി ആർതി കൻവർ, കരകൗശല വികസന കമ്മീഷണർ അമൃത് രാജ്, ദേശീയ കൈത്തറി വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ രാജീവ് അശോക് എന്നിവരും മന്ത്രാലയത്തിലെയും കോർപ്പറേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
നാല് മേഖലകളിലൂടെ ഇന്ത്യയുടെ പൈതൃകയാത്ര
വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ നാല് മേഖലകളിലൂടെയുള്ള യാത്രയായാണ് പവിലിയൻ ക്രമീകരിച്ചിരിക്കുന്നത്. ഓരോ മേഖലയുടെയും തനതായ കൈത്തറി, കരകൗശല പാരമ്പര്യങ്ങളിലൂടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഇവിടെ അവതരിപ്പിക്കുന്നു. പ്രതിഫലനവും പൂർവിക പാരമ്പര്യത്തിന്റെ ചാരുതയും പ്രമേയമാക്കുന്ന വടക്കൻ വിഭാഗത്തിൽ ഗണേശന്റെയും രാമദർബാറിന്റെയും പരമ്പരാഗത രൂപങ്ങളും തിളക്കമുള്ള ബനാറസി നെയ്ത്തുമുണ്ട്. തലമുറകളിലൂടെ കൈമാറിയ മികവിനെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. കൃത്യതയും ഭക്തിയും ശിൽപനിർമാണത്തിലെ ചിട്ടയും അവതരിപ്പിക്കുന്ന തെക്കൻ വിഭാഗത്തിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും മരം, പട്ട്, ലോഹ കരകൗശല വൈദഗ്ധ്യവും നടരാജരൂപത്തിന്റെ പ്രപഞ്ചതാളവും ഇടംപിടിക്കുന്നു.
ഓർമയും തുടർച്ചയും കൈത്തറിയുടെ ഹൃദയത്തുടിപ്പും പ്രമേയമാക്കുന്ന കിഴക്കൻ വിഭാഗത്തിൽ ഒഡിഷയുടെയും ബംഗാളിന്റെയും പരമ്പരാഗത നെയ്ത്തുപൈതൃകമാണ് അവതരിപ്പിക്കുന്നത്. സാംസ്കാരിക സ്വത്വവും അതിന്റെ തുടർച്ചയുമാണ് ഇവയുടെ പ്രത്യേകത. തിളക്കവും ആഘോഷവും മരുഭൂമിയുടെ വർണപ്പകിട്ടും അവതരിപ്പിക്കുന്ന പടിഞ്ഞാറൻ വിഭാഗത്തിൽ കണ്ണാടിപ്പണി, ലിപ്പൻ കല, കൊത്തുപണികളുള്ള മരശിൽപങ്ങൾ എന്നിവയുണ്ട്. മരുഭൂമിയിലെ അതിജീവനക്കരുത്തും ഉത്സവാഘോഷങ്ങളുടെ ഉണർവും ഇവ പ്രതിഫലിപ്പിക്കുന്നു.

അസംസ്കൃത വസ്തുക്കൾ മുതൽ വിപണിവരെ പിന്തുണ
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം ഗിരിരാജ് സിങ് മേളയിൽ പങ്കെടുക്കുന്ന നെയ്ത്തുകാരുമായും കരകൗശല തൊഴിലാളികളുമായും സംസാരിച്ചു. അസംസ്കൃത വസ്തുക്കൾക്കുള്ള സഹായം മുതൽ സാങ്കേതികവിദ്യയുടെ ഉപയോഗം, രൂപകൽപനയിലെ മെച്ചപ്പെടുത്തലുകൾ, വിപണിബന്ധങ്ങൾ എന്നിവവരെ ഉൽപാദനത്തിന്റെയും വിൽപനയുടെയും എല്ലാ ഘട്ടങ്ങളും ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ തുടർച്ചയായി ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു.
നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും വരുമാനവും ഉപജീവന അവസരങ്ങളും വർധിപ്പിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലുതും സുസ്ഥിരവുമായ കൈത്തറി കരകൗശല മേഖലയെന്ന ഇന്ത്യയുടെ മുൻനിര സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി ആവർത്തിച്ചു.

അയ്യായിരം വർഷത്തെ പൈതൃകം; ഒരുകോടിയിലേറെ കരകൗശല തൊഴിലാളികൾ
വികസനവും പൈതൃകവും കൈകോർത്തുപോകണമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. കൈത്തറി, കരകൗശലം, ചണം എന്നിവ അയ്യായിരത്തിലേറെ വർഷമായി ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണ്. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇവ വലിയ സംഭാവന നൽകുന്നു. കൈത്തറി, കരകൗശല മേഖലകളുമായി മാത്രം ഒരുകോടിയിലേറെ കരകൗശല തൊഴിലാളികൾ ബന്ധപ്പെട്ടിരിക്കുന്നു. നേരിട്ടും പരോക്ഷമായും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് ഈ മേഖലകൾ പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഈ മേഖലകളുടെ സംഭാവന വലുതാണ്. ഇത്തവണത്തെ അന്താരാഷ്ട്ര വ്യാപാരമേളയിൽ വിൽപന പുതിയ ഉയരങ്ങളിലെത്തുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുംവർഷങ്ങളിൽ ആഭ്യന്തര ആവശ്യവും കയറ്റുമതി അവസരങ്ങളും വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇരുനൂറ് സ്റ്റാളുകൾ; പുരസ്കാരജേതാക്കളുടെ മികവും നേരിൽ കാണാം
നവംബർ 13 മുതൽ 27 വരെയാണ് മേള. ന്യൂഡൽഹി ഭാരത് മണ്ഡപത്തിലെ അഞ്ചാം നമ്പർ ഹാളിന്റെ താഴത്തെ നിലയിൽ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴരവരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. നൂറ് കൈത്തറി കലാകാരന്മാരെയും നൂറ് കരകൗശല കലാകാരന്മാരെയും പ്രതിനിധീകരിക്കുന്ന ഇരുനൂറ് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയൊന്നിലധികം സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള വ്യത്യസ്ത കരകൗശല സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കുന്നു. നെയ്ത്തുകാർക്കും കരകൗശല തൊഴിലാളികൾക്കും നേരിട്ട് വിപണിയിലെത്താനുള്ള അവസരമാണ് ദേശീയ കൈത്തറി വികസന കോർപ്പറേഷൻ നിയന്ത്രിക്കുന്ന പവിലിയൻ നൽകുന്നത്.

കൈത്തറി, കരകൗശല മേഖലകളിലെ പതിനേഴ് പുരസ്കാരജേതാക്കളും പവിലിയനിലുണ്ട്. ഏഴ് ദേശീയ പുരസ്കാരജേതാക്കൾ, മൂന്ന് സംസ്ഥാന പുരസ്കാരജേതാക്കൾ, രണ്ട് സന്ത് കബീർ പുരസ്കാരജേതാക്കൾ, ഒന്നിലധികം പുരസ്കാരങ്ങൾ നേടിയ അഞ്ചിലധികം പേർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇവരുടെ അസാധാരണമായ കരവിരുത് പവിലിയനിലെ സാംസ്കാരിക അനുഭവത്തെ സമ്പന്നമാക്കുന്നു. ഇന്ത്യയുടെ വസ്ത്രപൈതൃകത്തിലെ കലാമികവും ഇതിലൂടെ പ്രതിഫലിക്കുന്നു.

.