ന്യൂഡൽഹി / 2026 / നവംബർ 10
കേന്ദ്ര കൃഷി കർഷകക്ഷേമ വകുപ്പ് രാജ്യവ്യാപകമായി നടത്തിയ പ്രത്യേക ക്യാമ്പയിൻ ആറിന്റെ ഭാഗമായി ശുചീകരണം, പൊതുപരാതികൾ തീർപ്പാക്കൽ, വൃക്ഷത്തൈ നടീൽ, ഇലക്ട്രോണിക് മാലിന്യനീക്കം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി. സെപ്റ്റംബർ 16 മുതൽ 30 വരെ മുന്നൊരുക്കങ്ങളും ഒക്ടോബർ രണ്ട് മുതൽ 31 വരെ പ്രവർത്തനഘട്ടവും നടന്നു. സർക്കാർ ഓഫീസുകളിൽ ശുചിത്വം സ്ഥിരം സംവിധാനമാക്കാനും തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങൾ കുറയ്ക്കാനുമായിരുന്നു ക്യാമ്പയിൻ. വകുപ്പിന്റെ അനുബന്ധ ഓഫീസുകളും കീഴിലുള്ള സ്ഥാപനങ്ങളും ഫീൽഡ് യൂണിറ്റുകളും സജീവമായി പങ്കെടുത്തു. കെട്ടിക്കിടന്ന നിവേദനങ്ങളും പൊതുപരാതികളും തീർപ്പാക്കൽ, രേഖകളുടെ പരിപാലനം, ഓഫീസുകളിൽ സ്ഥലം ഒഴിച്ചെടുക്കൽ, ഇലക്ട്രോണിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും വേർതിരിച്ച് ശരിയായി സംസ്കരിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകി. ഒക്ടോബർ 21 വകുപ്പിന്റെ പ്രത്യേക ദിനമായി ആചരിച്ച് രാജ്യത്തുടനീളം ദിവസം മുഴുവൻ ശുചീകരണവും ഭരണകാര്യങ്ങൾ വേഗത്തിലാക്കാനുള്ള നടപടികളും നടത്തി.


പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളും കീഴിലുള്ള ഓഫീസുകളും ഫീൽഡ് ഓഫീസുകളും രാജ്യത്തുടനീളം രണ്ടായിരത്തിലധികം തൈകൾ നട്ടു. ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൃഷി കർഷകക്ഷേമ വകുപ്പ് സെക്രട്ടറി ന്യൂഡൽഹിയിലെ ദേശീയ വിത്ത് കോർപ്പറേഷൻ സന്ദർശിച്ചു. തൈ നടീൽ പരിപാടിയിൽ പങ്കെടുത്ത സെക്രട്ടറി, പാഴ്വസ്തുക്കളും ഇലക്ട്രോണിക് മാലിന്യങ്ങളും അംഗീകൃത പുനഃസംസ്കരണ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ശുചീകരണ ജീവനക്കാരെ ആദരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ 84 കിലോവാട്ട് ശേഷിയുള്ള സൗരോർജ സംവിധാനവും വിത്ത് സംസ്കരണ പാക്കിങ് യൂണിറ്റും പരിശോധിച്ചു. വിത്തല്ലാത്ത വസ്തുക്കളിൽനിന്ന് പക്ഷിത്തീറ്റ തയ്യാറാക്കൽ, വിറ്റുപോകാത്ത വിത്തുകളിൽനിന്ന് ഇളം പച്ചക്കറിത്തൈകൾ വളർത്തൽ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയും ഒരുക്കിയിരുന്നു. സുസ്ഥിരതയും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും മാലിന്യത്തിൽനിന്ന് മൂല്യമുണ്ടാക്കുന്ന സമീപനവുമാണ് ഇവയിലൂടെ അവതരിപ്പിച്ചത്.

പാഴ്വസ്തുക്കളിൽനിന്ന് കാണ്ടാമൃഗവും പ്രവർത്തിക്കുന്ന ട്രാക്ടറുകളും
വൃത്തിയും ശുചിത്വവുമുള്ള ജോലിസ്ഥലം ഒരുക്കാൻ ഫീൽഡ് ഓഫീസുകൾ ശുചീകരണ പരിപാടികൾ നടത്തി. ശുചീകരണത്തിനായി കണ്ടെത്തിയ 999 കേന്ദ്രങ്ങൾ എന്ന ലക്ഷ്യം മറികടന്ന് 1,179 കേന്ദ്രങ്ങളിൽ പ്രവർത്തനം നടന്നു. ബുദ്നിയിലെ സി എഫ് എം ടി ടി ഐ, ഹൈദരാബാദിലെ മാനേജ്, ഹിസാറിലെ എൻ ആർ എഫ് എം ടി ടി ഐ, ബിശ്വനാഥ് ചാരിയാലിയിലെ എൻ ഇ ആർ എഫ് എം ടി ടി ഐ തുടങ്ങിയ സ്ഥാപനങ്ങൾ ഇലക്ട്രോണിക് മാലിന്യങ്ങളും ഉപേക്ഷിച്ച യന്ത്രഭാഗങ്ങളും മാത്രം ഉപയോഗിച്ച് നിർമിച്ച മാതൃകകൾ പ്രദർശിപ്പിച്ചു. അസമിലെ എൻ ഇ ആർ എഫ് എം ടി ടി ഐയിൽ സർക്യൂട്ട് ബോർഡുകൾകൊണ്ട് നിർമിച്ച യഥാർഥ വലുപ്പത്തിലുള്ള കാണ്ടാമൃഗത്തിന്റെ മാതൃക ശ്രദ്ധേയമായി. പഴയ യന്ത്രഭാഗങ്ങൾകൊണ്ട് നിർമിച്ച കടൽബോട്ടുകളുടെയും ട്രാക്ടറുകളുടെയും പ്രവർത്തിക്കുന്ന മാതൃകകളും പ്രദർശനത്തിലുണ്ടായിരുന്നു. നിശ്ചയിച്ച പ്രവർത്തനങ്ങൾ സുഗമമായും ഫലപ്രദമായും നടത്താൻ വകുപ്പിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും കീഴിലുള്ള ഓഫീസുകളിലെയും ഫീൽഡ് ഓഫീസുകളിലെയും നോഡൽ ഓഫീസർമാരുമായി നിരവധി അവലോകനയോഗങ്ങളും ചേർന്നു.


പൊതുപരാതികളിൽ തീർപ്പാക്കിയത് 63,952 എണ്ണം
ഫീൽഡ് തലത്തിലെ സജീവ പങ്കാളിത്തത്തോടെ വിവിധ മേഖലകളിൽ മികച്ച നേട്ടമുണ്ടാക്കിയതായും ചിലതിൽ ലക്ഷ്യം മറികടന്നതായും വകുപ്പ് അറിയിച്ചു. എംപിമാരിൽനിന്നുള്ള കെട്ടിക്കിടന്ന 179 നിവേദനങ്ങളിൽ 177 എണ്ണം തീർപ്പാക്കി. പൊതുപരാതികൾ തീർപ്പാക്കാനുള്ള ലക്ഷ്യം 33,821 ആയിരുന്നെങ്കിലും 63,952 എണ്ണം തീർപ്പാക്കി. സെപ്റ്റംബർ 30 വരെ ലഭിച്ച പരാതികളാണ് ലക്ഷ്യം നിശ്ചയിക്കാൻ കണക്കാക്കിയത്. എന്നാൽ ഒക്ടോബർ 31 വരെ ലഭിച്ച പരാതികളും തീർപ്പാക്കിയവയിൽ ഉൾപ്പെടുന്നു. പൊതുപരാതികളുമായി ബന്ധപ്പെട്ട 338 അപ്പീലുകളും തീർപ്പാക്കി. സംസ്ഥാന സർക്കാരുകളിൽനിന്നുള്ള നിവേദനങ്ങളിൽ ഏഴെണ്ണം തീർപ്പാക്കാനായിരുന്നു ലക്ഷ്യം; ഒമ്പതെണ്ണം തീർപ്പാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിവേദനങ്ങളിൽ ആറായിരുന്നു ലക്ഷ്യം; ഏഴെണ്ണം തീർപ്പാക്കി.
ഓഫീസുകളിൽ 13,553 ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുത്തു
നേരിട്ടുള്ള ഫയലുകളിൽ 39,347 എണ്ണം പരിശോധിക്കാനായിരുന്നു ലക്ഷ്യമെങ്കിലും 43,411 എണ്ണം പരിശോധിച്ചു. ലക്ഷ്യമിട്ട 14,032 ഇലക്ട്രോണിക് ഫയലുകളും അവസാനിപ്പിച്ചു. സൂക്ഷിക്കേണ്ടതില്ലാത്ത 26,379 നേരിട്ടുള്ള ഫയലുകൾ നീക്കം ചെയ്തു. ഓഫീസുകളിൽ 13,553 ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുത്തു. ക്യാമ്പയിനിലൂടെ 32,19,644 രൂപ വരുമാനം ലഭിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങളിൽ 3,298 വസ്തുക്കൾ സംസ്കരിക്കാനായിരുന്നു ലക്ഷ്യം; 3,733 എണ്ണം സംസ്കരിച്ചു. സമൂഹമാധ്യമങ്ങളിൽ 645 പോസ്റ്റുകളും പ്രസിദ്ധീകരിച്ചു. ക്യാമ്പയിൻ ശുചിത്വം മെച്ചപ്പെടുത്താനും തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങൾ കുറയ്ക്കാനും ഓഫീസുകളിൽ കൂടുതൽ സ്ഥലം ലഭ്യമാക്കാനും സഹായിച്ചതായി വകുപ്പ് അറിയിച്ചു. പാഴ്വസ്തുക്കളുടെയും ഇലക്ട്രോണിക് മാലിന്യങ്ങളുടെയും ശരിയായ സംസ്കരണവും മാലിന്യത്തിൽനിന്ന് മൂല്യമുണ്ടാക്കുന്ന സംരംഭങ്ങളും പ്രോത്സാഹിപ്പിച്ചു. നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനും വൃത്തിയുള്ളതും ചിട്ടയുള്ളതും പരിസ്ഥിതിസൗഹൃദവുമായ ജോലിസ്ഥലങ്ങൾ നിലനിർത്താനും വകുപ്പും അതിന്റെ ഓഫീസുകളും എല്ലാ ശ്രമങ്ങളും നടത്തി.
.