ന്യൂഡൽഹി / 2026 / നവംബർ 09
പ്രത്യേക പ്രചാരണം ആറിന്റെ ഭാഗമായി കേന്ദ്ര നിയമനീതി മന്ത്രാലയത്തിനു കീഴിലുള്ള നിയമകാര്യ വകുപ്പ് 27,289 കടലാസ് ഫയലുകൾ പരിശോധിച്ചു. ഇതിൽ 15,679 ഫയലുകൾ നീക്കം ചെയ്തു. ഇലക്ട്രോണിക് മാലിന്യങ്ങളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും വിറ്റതിലൂടെ 4,71,881 രൂപ ലഭിച്ചതായും വകുപ്പ് അറിയിച്ചു. കാര്യക്ഷമമായ ഭരണം, സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, സുതാര്യത, ജനകേന്ദ്രീകൃത സേവനം എന്നിവ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനങ്ങൾ.

തയ്യാറെടുപ്പ് ഘട്ടത്തിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രാദേശിക ഓഫീസുകളിലേക്ക് നിയോഗിച്ചു. ‘സ്വച്ഛത ഹി സേവ’, പ്രത്യേക പ്രചാരണം ആറ് എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അവബോധം നൽകാനായിരുന്നു സന്ദർശനം.
മുപ്പത് ശുചീകരണ പ്രവർത്തനങ്ങൾ; ചിട്ടയായ രേഖാപരിപാലനം
നടപ്പാക്കൽ ഘട്ടത്തിൽ ശുചീകരണം, തീർപ്പാകാതെ കിടന്ന ഔദ്യോഗിക കത്തുകളിലെ തുടർനടപടി, പഴയ രേഖകളുടെ പരിശോധനയും നീക്കവും, ഡിജിറ്റൽ രീതിയിലുള്ള രേഖാപരിപാലനം എന്നിവ നടത്തി. ഉപയോഗശൂന്യമായ വിവരവിനിമയ സാങ്കേതിക ഉപകരണങ്ങളും വൈദ്യുത ഉപകരണങ്ങളും ഒഴിവാക്കൽ, ഓഫീസ് സ്ഥലം കൂടുതൽ പ്രയോജനപ്പെടുത്തൽ, പരാതിപരിഹാരം എന്നിവയും പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ഫയലുകൾ ചിട്ടയായി സൂക്ഷിക്കാനും ഭരണകാര്യങ്ങളിലെ കാലതാമസം കുറയ്ക്കാനും വൃത്തിയും ക്രമവുമുള്ള, മികച്ച രീതിയിൽ പ്രവർത്തിക്കാവുന്ന തൊഴിൽസ്ഥലം ഒരുക്കാനും പ്രത്യേക ശ്രദ്ധ നൽകി.

വകുപ്പിന്റെ ഓഫീസുകളിലും പരിസരങ്ങളിലുമായി 30 ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജോലിസ്ഥലത്തെ ശുചിത്വവും പരിസ്ഥിതി അവബോധവും മെച്ചപ്പെടുത്താൻ ഇവ സഹായിച്ചതായി വകുപ്പ് അറിയിച്ചു. സ്ഥാപനതല പ്രവർത്തനരീതികൾ ശക്തിപ്പെടുത്താനും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനും പ്രചാരണം അവസരമൊരുക്കി. ദൈനംദിന ഭരണത്തിൽ ശുചിത്വം പാലിക്കുന്നതിനും പാഴ്വസ്തുക്കൾ നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് ഉത്തരവാദിത്തത്തോടെ ഒഴിവാക്കുന്നതിനും പ്രാധാന്യം നൽകി.
ലക്ഷ്യത്തേക്കാൾ കൂടുതൽ ഫയലുകൾ പരിശോധിച്ചു
13,523 കടലാസ് ഫയലുകൾ പരിശോധിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ 27,289 ഫയലുകൾ പരിശോധിക്കുകയും 15,679 എണ്ണം നീക്കം ചെയ്യുകയും ചെയ്തു. ഇലക്ട്രോണിക് ഫയലുകളിൽ 15,188 എണ്ണം പരിശോധിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 20,572 എണ്ണം പരിശോധിച്ചു. ഇതിൽ 17,798 ഫയലുകൾ അവസാനിപ്പിച്ചു. അനാവശ്യമായി രേഖകൾ കുന്നുകൂടുന്നത് കുറയ്ക്കാനും ഫയൽ പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ ഔദ്യോഗിക വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഈ നടപടികൾ സഹായിച്ചു.
ഉപയോഗശൂന്യമായ ഇലക്ട്രോണിക്, വൈദ്യുത ഉപകരണങ്ങളിൽ 1,418 എണ്ണം ഒഴിവാക്കാനായിരുന്നു ലക്ഷ്യം. പകരം 1,484 എണ്ണം കണ്ടെത്തി നീക്കം ചെയ്തു. ഇതിലൂടെ 4.15 ലക്ഷം രൂപ ലഭിച്ചു. ആവശ്യമില്ലാത്ത ഉപകരണങ്ങൾ ഒഴിവാക്കാനും ഓഫീസ് സൗകര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താനും പരിസ്ഥിതിക്ക് ഉത്തരവാദിത്തമുള്ള രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാനും നടപടി സഹായിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള പാഴ്വസ്തുക്കളുടെ ആകെ വിൽപ്പന വരുമാനമാണ് 4,71,881 രൂപ. സർക്കാർ ആസ്തികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനും ഇത് സഹായിച്ചു.
4,889 ചതുരശ്രയടി സ്ഥലം വീണ്ടെടുത്തു; പരാതികളിലും നടപടി
പഴയ രേഖകൾ, പാഴ്വസ്തുക്കൾ, ആവശ്യമില്ലാത്ത ഫർണിച്ചറുകൾ, മറ്റ് ഉപയോഗശൂന്യമായ സാധനങ്ങൾ എന്നിവ നീക്കിയതിലൂടെ 4,889 ചതുരശ്രയടി ഓഫീസ് സ്ഥലം വീണ്ടെടുത്തു. ഈ സ്ഥലം ഔദ്യോഗിക ആവശ്യങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാകും. ഓഫീസുകളുടെ ക്രമീകരണവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പാർലമെന്റംഗങ്ങളിൽനിന്നുള്ള 58 വിഷയങ്ങളിലും 19 ഐഎംസി വിഷയങ്ങളിലും നടപടികൾ പൂർത്തിയാക്കി നൂറുശതമാനം ലക്ഷ്യം കൈവരിച്ചു. പാർലമെന്റിൽ നൽകിയ 14 ഉറപ്പുകളിൽ ഏഴെണ്ണത്തിന്റെ നടപ്പാക്കൽ റിപ്പോർട്ട് പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ ഒഎഎംഎസ് പോർട്ടലിൽ അപ്ലോഡ് ചെയ്തു. രണ്ട് ഉറപ്പുകൾ മറ്റ് മന്ത്രാലയങ്ങൾക്കോ വകുപ്പുകൾക്കോ കൈമാറുന്നതിനുള്ള നടപടിയിലാണ്. പ്രധാന ഔദ്യോഗിക കത്തുകളിൽ വേഗത്തിൽ നടപടി സ്വീകരിക്കാനും ഭരണത്തിലെ ഉത്തരവാദിത്തം ശക്തിപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞതായി വകുപ്പ് അറിയിച്ചു. പൊതുപരാതികളിൽ 512 എണ്ണം തീർപ്പാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ 534 പരാതികൾ തീർപ്പാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കാനും പൊതുസേവനം മെച്ചപ്പെടുത്താനുമാണ് നടപടി സ്വീകരിച്ചത്.

മികച്ച പ്രവർത്തനരീതികൾ തുടർന്നും നിലനിർത്തും
ശുചിത്വം, ഫയൽ പരിപാലനം, ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്യൽ, സ്ഥലവിനിയോഗം, വരുമാനലഭ്യത, പൊതുപരാതി പരിഹാരം എന്നിവയിൽ പ്രചാരണം ഗണ്യമായ പുരോഗതിയുണ്ടാക്കിയതായി നിയമകാര്യ വകുപ്പ് അറിയിച്ചു. ശുചിത്വം, കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, ജനകേന്ദ്രീകൃത ഭരണം എന്നിവയോടുള്ള പ്രതിബദ്ധതയാണ് നേട്ടങ്ങൾ വ്യക്തമാക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.
പ്രചാരണത്തിലൂടെ കൈവരിച്ച പുരോഗതി നിലനിർത്താൻ മികച്ച പ്രവർത്തനരീതികൾ സ്ഥിരം സംവിധാനത്തിന്റെ ഭാഗമാക്കും. പതിവായ നിരീക്ഷണവും ഭരണപ്രവർത്തനങ്ങളിലെ തുടർച്ചയായ മെച്ചപ്പെടുത്തലും പ്രോത്സാഹിപ്പിക്കും. പ്രചാരണത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ സഫ്ദർജങ് ശവകുടീരത്തിൽ ശുചീകരണത്തിനായുള്ള ശ്രമദാന പരിപാടിയും നടന്നു.