ന്യൂഡൽഹി, 2026 നവംബർ 09 –
അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായി നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യചർച്ച തുടങ്ങുന്നതിനുമുമ്പ് ഉത്തർപ്രദേശിൽ സംഘടനാപരമായ ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ചർച്ചയ്ക്ക് തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഛഠ് പൂജയ്ക്കുശേഷം ആരംഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ പ്രിയങ്ക ഗാന്ധി വാദ്രയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായും വിവരമുണ്ട്.
പ്രകടനപത്രിക, പ്രചാരണം, ഏകോപനം എന്നിവയ്ക്കുള്ള സമിതികളുടെ രൂപവത്കരണത്തിന് മേൽനോട്ടം വഹിക്കുന്നതാണ് പ്രിയങ്കയുടെ ചുമതലകളിലൊന്ന്. പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, അവധ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നാല് വലിയ റാലികളും സംഘടിപ്പിക്കണം. ബിജെപിയെ വെല്ലുവിളിക്കാൻ ശേഷിയുള്ളവരും കോൺഗ്രസ് ആശയങ്ങളോട് യോജിക്കുന്നവരുമായ സ്ഥാനാർഥികളെ 100 മുതൽ 115 വരെ മണ്ഡലങ്ങളിലേക്ക് കണ്ടെത്തുന്നതാണ് ഏറ്റവും നിർണായക ചുമതല.
ഡൽഹി റാലിയിലെ സഹകരണത്തിൽ കോൺഗ്രസിന് സംതൃപ്തി
നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ സമാജ്വാദി പാർട്ടി വലിയതോതിൽ പ്രവർത്തകരെ പങ്കെടുപ്പിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിന് സംതൃപ്തിയുണ്ട്. അതുകൊണ്ടാണ് റാലിയിൽ അഖിലേഷ് യാദവിന് വലിയ പ്രാധാന്യം നൽകിയതെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. യുപിയിലെ സഖ്യരൂപവത്കരണത്തിന് തടസ്സമുണ്ടാകില്ലെന്നും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ നേരിട്ട് തീരുമാനമെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
അടുത്തിടെ നടന്ന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഫലം സമാജ്വാദി പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് സീറ്റുകളിൽ അഞ്ചെണ്ണം പാർട്ടി നേടി. നേരത്തേ ഇതിൽ മൂന്നെണ്ണം മാത്രമാണ് പാർട്ടിക്കുണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള നിർണായക പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. ബിജെപിക്ക് ഇരട്ടത്തോൽവിയാണുണ്ടായതെന്നും 2027ലെ വിജയത്തിന് അടിത്തറയായെന്നും അഖിലേഷ് അവകാശപ്പെട്ടു.
സീറ്റെണ്ണത്തെച്ചൊല്ലി പരസ്യപ്രസ്താവനകൾ വേണ്ടെന്ന് പ്രിയങ്ക
സീറ്റ് വിഹിതത്തെക്കുറിച്ചുള്ള ചില കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കാനുള്ള സാധ്യതയുണ്ട്. 180 മുതൽ 200 വരെ മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കിയെന്ന് ചില നേതാക്കൾ അവകാശപ്പെട്ടിരുന്നു. തങ്ങളെ നിസ്സാരമായി കാണരുതെന്ന പ്രസ്താവനകളും പുറത്തുവന്നു. എന്നാൽ സ്വകാര്യ സംഭാഷണങ്ങളിൽ സമാജ്വാദി പാർട്ടി നേതാക്കൾ കോൺഗ്രസിന് 80 മുതൽ 100 വരെ സീറ്റുകളാണ് സൂചിപ്പിക്കുന്നത്.
യുപിയിലെ കാര്യങ്ങളിൽ കൂടുതൽ സജീവമായ പ്രിയങ്ക, അനാവശ്യ പരസ്യപ്രസ്താവനകൾ ഒഴിവാക്കാൻ സംസ്ഥാന ചുമതലക്കാർക്കും അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാർക്കും മറ്റു ഭാരവാഹികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സാധ്യതയുള്ള സഖ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും പറയരുതെന്നാണ് നിർദേശം. ഇടയ്ക്കിടെ പുറത്തുവരുന്ന പ്രയോജനമില്ലാത്ത പ്രസ്താവനകൾ അവസാനിപ്പിക്കുകകൂടിയാണ് പ്രിയങ്കയുടെ ഇടപെടലിന്റെ ലക്ഷ്യം.
യുപിയിൽ വലിയ കക്ഷി തങ്ങളെന്ന് സമാജ്വാദി പാർട്ടി
ഡൽഹിയിലോ പാർലമെന്ററി രാഷ്ട്രീയത്തിലോ കോൺഗ്രസിന്റെ അഭിപ്രായം പരിഗണിച്ചേക്കാമെങ്കിലും യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ കക്ഷിയുടെ സ്ഥാനം തങ്ങൾക്കാണെന്ന് മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് പറഞ്ഞു.
ആ സ്ഥാനം തുടർന്നും വഹിക്കുമെന്നും കോൺഗ്രസ് തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കേണ്ടിവരുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ സഖ്യരൂപവത്കരണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സീറ്റ് വിഭജനത്തിൽ ഇരുപാർട്ടികൾക്കും ധാരണയിലെത്തേണ്ടതുണ്ട്.
സ്വാമി പ്രസാദ് മൗര്യയെച്ചൊല്ലിയും ഭിന്നത
സ്വാമി പ്രസാദ് മൗര്യയും ഇരുപാർട്ടികൾക്കുമിടയിലെ അഭിപ്രായവ്യത്യാസത്തിന് കാരണമാണ്. അഖിലേഷ് യാദവിന് മൗര്യയോട് അനുകൂല നിലപാടില്ലെങ്കിലും യുപിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗൗതം അദ്ദേഹത്തെ സുഹൃത്തായി കാണുന്നു. 2017ൽ ബിജെപി സ്ഥാനാർഥിയായി ജയിച്ച് മന്ത്രിയായ മൗര്യ, 2022ലെ തിരഞ്ഞെടുപ്പിനു മുമ്പ് സമാജ്വാദി പാർട്ടിയിലെത്തി. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് ജനതാ പാർട്ടി എന്ന സ്വന്തം പാർട്ടി രൂപവത്കരിച്ചു.
അഖിലേഷിനെ ആശയക്കുഴപ്പത്തിലായ നേതാവെന്ന് വിശേഷിപ്പിക്കുന്ന മൗര്യ, പിന്നാക്കക്കാർ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ കൂട്ടിയിണക്കുന്ന സമാജ്വാദി പാർട്ടിയുടെ പിഡിഎ നിലപാടിനെയും പരിഹസിക്കാറുണ്ട്. മൗര്യയെ ഒരു സാഹചര്യത്തിലും സഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന് സമാജ്വാദി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഒപ്പം നിർത്താൻ കോൺഗ്രസ് തീരുമാനിച്ചാൽ സ്വന്തം വിഹിതത്തിൽനിന്ന് സീറ്റ് നൽകേണ്ടിവരുമെന്നതാണ് പാർട്ടിയുടെ പ്രതിസന്ധി.