പ്രധാന വിവരങ്ങൾ
- ആസാറാം ബാപ്പുവിന്റെ അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ച് രാജസ്ഥാൻ സർക്കാരിന് നോട്ടീസ് നൽകി.
- ജീവപര്യന്തം ശിക്ഷ മരവിപ്പിക്കാനും ജാമ്യം നൽകാനും സുപ്രീംകോടതി വിസമ്മതിച്ചു.
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷ രാജസ്ഥാൻ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു.
- മകൻ നാരായൺ സായിയും ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
- സാക്ഷി ഭീഷണിയും തെളിവ് നശിപ്പിക്കൽ ആരോപണങ്ങളും കേസുകളിൽ നിർണായകമായി പരിഗണിക്കപ്പെട്ടു.
1941 ഏപ്രിൽ 17-ന് ഇപ്പോഴത്തെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബേരാനി ഗ്രാമത്തിൽ അസുമൽ സിരുമലാനി ഹർപ്പലാനി എന്ന പേരിൽ ജനിച്ച ഒരാളാണ് പിന്നീട് ലക്ഷക്കണക്കിന് ഭക്തരുടെ “ബാപ്പുജി” ആയ ആസാറാം. 1947-ൽ വിഭജനത്തോടെ കുടുംബം ഗുജറാത്തിലെ അഹ്മദാബാദിലേക്ക് വന്നു, തൊട്ടതെല്ലാം ഉപേക്ഷിച്ച്. പത്ത് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു, നാലാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. ചായ വിറ്റു, സൈക്കിൾ കടയിൽ പണിയെടുത്തു, പഞ്ചസാര കച്ചവടം ചെയ്തു, ചിലർ പറയുന്നത് മദ്യം വരെ വിറ്റെന്നാണ്. 1964-ൽ ആ ജീവിതം വഴിത്തിരിഞ്ഞു — ഹിമാലയത്തിലേക്ക് ഓടിപ്പോയ ആ ചെറുപ്പക്കാരൻ സ്വാമി ലീലാഷാജി മഹാരാജിനെ ഗുരുവായി കണ്ടെത്തി, “ആസാറാം” ആയി.
ഒരു ചെറ്റക്കുടിലിൽ നിന്ന് 400 ആശ്രമങ്ങളിലേക്ക്
1972-ൽ അഹ്മദാബാദിലെ സബർമതി നദിക്കരയിൽ “മോക്ഷ കുടിർ” എന്ന ഒരു ചെറ്റക്കൂര ഉണ്ടാക്കിയതോടെ ആസാറാമിന്റെ “ദൈവ ബിസിനസ്” തുടങ്ങി. പരമ്പരാഗത ഹിന്ദു മൂല്യങ്ങളെ ആൾക്കൂട്ടത്തോട് ലളിതമായി പറയാനുള്ള കഴിവ്, ആ ചെറ്റക്കൂരയെ ഒരു ഭീമൻ ആശ്രമ ശൃംഖലയാക്കി. 40 വർഷം കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി 400-ലധികം ആശ്രമങ്ങൾ, 40 ഗുരുകുലങ്ങൾ. ₹10,000 കോടിയുടെ സ്വത്ത്. കോടിക്കണക്കിന് ഭക്തർ. വ്യവസായ മേധാവികൾ, സിനിമാ താരങ്ങൾ, ഏത് പാർട്ടിയിൽ നിന്നുമുള്ള രാഷ്ട്രീയ നേതാക്കൾ — ഇവരെല്ലാം ആ പാദങ്ങളിൽ വീണ് നമസ്കരിച്ചു. ആയുർവേദ മരുന്നുകൾ, ദൈനംദിന ഉൽപ്പന്നങ്ങൾ, ആദ്ധ്യാത്മിക പുസ്തകങ്ങൾ — ആശ്രമത്തിൽ ഒരു “ഹോളി സൂപ്പർ മാർക്കറ്റ്” തന്നെ ഉണ്ടായിരുന്നു.
“ആത്മീയ ചികിത്സ” — ഒരു 16 കാരിയുടെ നിലവിളി
2013-ൽ ആ ഗ്ലാസ് കൊട്ടാരം തകർന്നു വീണത് ഒരൊറ്റ ആരോപണത്തോടെയാണ്. ആശ്രമത്തിൽ താമസിച്ചിരുന്ന 16 വയസ്സുള്ള ഒരു ഭക്ത ബാലിക, ജോധ്പൂരിലെ മനൈ ആശ്രമത്തിൽ വെച്ച് ആസാറാം “ആത്മീയ ചികിത്സ”യും “ദുഷ്ടാത്മാ ബാധ നീക്കലും” എന്ന പേരിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചു. അതേ വർഷം തന്നെ ഗുജറാത്തിലെ സൂററ്റിൽ നിന്ന് രണ്ട് സഹോദരിമാർ പരാതി നൽകി — ജ്യേഷ്ഠത്തി, 2001 മുതൽ 2006 വരെ അഹ്മദാബാദ് ആശ്രമത്തിൽ ആവർത്തിച്ച് ലൈംഗിക പീഡനത്തിനിരയായെന്ന് ആരോപിച്ചു. ഇളയ സഹോദരിക്ക് ആസാറാമിന്റെ മകൻ നാരായൺ സായ്ക്കെതിരെ സമാന ആരോപണം. ഒരൊറ്റ വർഷം, ഒരു കുടുംബം, ഒരേ ക്രൈം — ഗോഡ്മാന്റെ മുഖംമൂടി ഒറ്റയടിക്ക് ഊർന്നു.
ദൈവം ഞാനാണ്, എന്നോട് ഉള്ള സമർപ്പണമാണ് ആരാധന”
2013 ആഗസ്റ്റ് 15 — ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആ രാത്രിയിൽ, ഉത്തർ പ്രദേശിൽ നിന്നുള്ള 16 വയസ്സുകാരിക്ക് ആശ്രമ ജീവിതം ഒരു നരകമായി മാറി. ജോധ്പൂരിലെ മനൈ ആശ്രമത്തിൽ ആ കുട്ടിയെ ആശ്രമ ജോലിക്കാർ ആദ്യമേ ഒരുക്കിയിരുന്നു — “നിനക്ക് ദുഷ്ടാത്മ ബാധിച്ചിട്ടുണ്ട്, ബാപ്പുജിക്ക് മാത്രമേ ഇത് ശരിയാക്കാൻ കഴിയൂ” എന്ന് മസ്തിഷ്കം കഴുകി. ആ കുട്ടി കോടതിയിൽ സ്വന്തം നാവുകൊണ്ട് പറഞ്ഞു: “എന്നെ തനിച്ച് ബാപ്പുജിയുടെ സ്വകാര്യ കുടീരത്തിലേക്ക് അയച്ചു, പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ, കുടുംബത്തെ ദൈവകോപം കൊണ്ട് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, മിണ്ടിയാൽ അച്ഛനെ കൊല്ലുമെന്ന് പറഞ്ഞു.” ദൈവത്തിന്റെ മറവിൽ നടന്ന ആ പൈശാചികതയ്ക്ക് 2018-ൽ ജോധ്പൂർ പ്രത്യേക പോക്സോ കോടതി ജീവപര്യന്തം വിധിച്ചു. 2026 മേയിൽ രാജസ്ഥാൻ ഹൈക്കോടതിയും ആ ശിക്ഷ ശരിവെച്ചു.
“ഞാൻ ദൈവത്തിന്റെ അവതാരമാണ്, എന്നിൽ ആത്മസമർപ്പണം ചെയ്യുന്നത് ഭക്തിയാണ്” — ഒൻപത് വർഷം ഒരു സ്ത്രീ കെണിയിൽ
സൂററ്റിൽ നിന്നുള്ള ജ്യേഷ്ഠ സഹോദരി കോടതിയിൽ പറഞ്ഞ കാര്യങ്ങൾ ഇനിയും ഞെട്ടലോടെ മാത്രം കേൾക്കാൻ കഴിയുന്നതാണ്. 1997 മുതൽ 2006 വരെ, ഒൻപത് നീണ്ട വർഷം, അഹ്മദാബാദ് ആശ്രമത്തിൽ ഇവർ ഒരു തടവുകാരിയെ പോലെ കഴിഞ്ഞു. “ബാപ്പുജി എന്നോട് പറഞ്ഞത്, ഞാൻ ദൈവത്തിന്റെ അവതാരമാണ്, എന്നിൽ ആത്മസമർപ്പണം ചെയ്യുന്നത് ഭക്തിയുടെ ഏറ്റവും ഉന്നതമായ രൂപമാണ് എന്നാണ്” — ഇതായിരുന്നു ആ സ്ത്രീ കോടതിയിൽ മൊഴി നൽകിയ വാക്കുകൾ. രക്ഷപ്പെടാൻ ശ്രമിക്കാതിരുന്നതിന് കാരണം ഭയം മാത്രമായിരുന്നില്ല — കുടുംബം മൊത്തം ആശ്രമ ഭക്തരായിരുന്നു, ആശ്രമ ജോലിക്കാർ തുടർച്ചയായി നിരീക്ഷിച്ചു. ഇളയ സഹോദരി, നാരായൺ സായ്ക്കെതിരെ മൊഴി നൽകിയത് ഇങ്ങനെ: “ആശ്രമത്തിലെ സ്ത്രീകളോടുള്ള ഇടപെടൽ ഒരു ‘ഉൽപ്പന്ന’ത്തോടെന്ന പോലെ ആയിരുന്നു. പൈസയും, പേശി ബലവും, ദൈവ പദവിയും ഉപയോഗിച്ച് വർഷങ്ങളോളം ഭീഷണിപ്പെടുത്തി മൗനിയാക്കി.”
ബാപ്പുവിന്റെ മകനും ആത്മീയ ശുദ്ധീകരണം പയറ്റി.ഇരയുടെ വാക്കുകൾ കോടതിയെ പോലും ഞെട്ടിച്ചു
അച്ഛൻ അവതാരമാകുമ്പോൾ സ്വാഭാവികമായും മകനും അവതാരമാണല്ലോ.അച്ഛൻ ചെയ്ത കാര്യങ്ങളെല്ലാം മകനും ചെയ്തു.ഒരേ ഇരയോട് തന്നെ ആയിരുന്നു.മറ്റ് കേസുകൾ പുറത്തുവന്നിട്ടില്ല.
സൂററ്റിൽ നിന്നുള്ള ആ ഇളയ സഹോദരി കോടതിയിൽ മൊഴി നൽകിയത് 53 പ്രോസിക്യൂഷൻ സാക്ഷികൾ ഉള്ള ഒരു നീണ്ട വിചാരണയ്ക്കൊടുവിലാണ്. 2002 മുതൽ 2005 വരെ, സൂററ്റിലെ ജഹാംഗീർപുര ആശ്രമത്തിൽ ശിഷ്യയായി താമസിക്കുന്ന കാലത്ത് നാരായൺ സായ് ആവർത്തിച്ച് ബലാത്സംഗം ചെയ്തെന്ന് ഇവർ തുറന്നുപറഞ്ഞു. “സ്വന്തം ആഗ്രഹങ്ങൾക്ക് കീഴടങ്ങുന്നതാണ് ആത്മീയ ശുദ്ധീകരണം, ഭക്തിയുടെ ഉന്നത രൂപം” എന്ന് പറഞ്ഞ് വിശ്വാസത്തെ ആയുധമാക്കി. പ്രതിഷേധിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, ബാപ്പുജിയുടെ ഭീമൻ ഭക്തസേനയും, കൈനിറയെ പണവും, മസ്തിഷ്കം കഴുകുന്ന ഭീഷണികളും ഉപയോഗിച്ച് ഒരു ദശകത്തോളം ആ സ്ത്രീയെ മൗനിയാക്കി നിർത്തി. 2013 ഒക്ടോബറിൽ ഈ ഇരകൾ എഫ്ഐആർ നൽകി.നാരായൺ സായ് രണ്ടു മാസം ഒളിവിൽ. ഡൽഹി-ഹരിയാന അതിർത്തിയിൽ നടന്ന ബഹുസംസ്ഥാന പോലീസ് ഓപ്പറേഷനിൽ 2013 ഡിസംബറിൽ പിടിക്കപ്പെട്ടു. ബലാത്സംഗം, അസ്വാഭാവിക ലൈംഗിക കൃത്യം, ക്രിമിനൽ ഭീഷണി, ഗൂഢാലോചന, അനധികൃത തടങ്കൽ — ഐപിസിയുടെ ഒരു ഡസൻ വകുപ്പുകൾ ചുമത്തി സൂററ്റ് കോടതി കേസ് ഫ്രെയിം ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കുമ്പോൾ, പോലീസുദ്യോഗസ്ഥർ, മെഡിക്കൽ സ്റ്റാഫ്, കോടതി ഉദ്യോഗസ്ഥർ എന്നിവർക്ക് കോടികൾ കൈക്കൂലി നൽകി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രത്യേക കേസ് വേറേ.
അച്ഛനെപ്പോലെ മകനും ജീവപര്യന്തം ആസ്വദിക്കുന്നു
53 പ്രോസിക്യൂഷൻ സാക്ഷികൾ, വർഷങ്ങൾ നീണ്ട വിചാരണ — ഒടുവിൽ 2019 ഏപ്രിൽ 26-ന് സൂററ്റ് സെഷൻസ് കോടതിയിലെ ജഡ്ജ് പി.എസ്. ഗാന്ധി ബലാത്സംഗം, അസ്വഭാവിക ലൈംഗിക പീഡനം, ക്രിമിനൽ ഭീഷണി ഉൾപ്പെടെ എല്ലാ കുറ്റങ്ങളിലും നാരായൺ സായ് കുറ്റക്കാരനെന്ന് വിധിച്ചു. “10 വർഷം കഴിഞ്ഞ് പരാതി കൊടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണ്” എന്ന പ്രതിഭാഗം വാദം കോടതി ഒറ്റവരിയിൽ തള്ളി — ഇത്രയും വലിയ അധികാര അസന്തുലിതാവസ്ഥയ്ക്കും മനഃശാസ്ത്ര ആഘാതത്തിനും ഇടയിൽ ഒരു ഇര ഉടനടി മൊഴി നൽകണമെന്ന് നിർബ്ബന്ധിക്കാനാവില്ല എന്ന് ജഡ്ജ് വ്യക്തമാക്കി. ഏപ്രിൽ 30-ന് ജീവപര്യന്തം ശിക്ഷ, ₹5 ലക്ഷം പിഴ, ₹1 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരം. ജാമ്യം ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി — ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത ചരിത്രവും സാക്ഷികൾക്ക് ഭീഷണി നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടി ഇരുകോടതികളും ഖണ്ഡിതമായി നിരസിച്ചു. ഇപ്പോൾ “ആത്മീയ പിൻഗാമി” നാരായൺ സായ് കഴിയുന്നത് സൂററ്റിലെ ലജ്പോർ സെൻട്രൽ ജയിലിൽ — ജീവപര്യന്തം ശിക്ഷ, ഒരു ഇളവുമില്ലാതെ.
സാക്ഷികളെ ആക്രമിച്ചു — ചിലർ വെടിയേറ്റ് മരിച്ചു
ഇരകൾ ധൈര്യം കാണിച്ചെങ്കിൽ, ആ ധൈര്യം തകർക്കാൻ ആശ്രമ ശക്തി ആകാവുന്നതെല്ലാം ചെയ്തു. കോടതിക്ക് പുറത്ത്, ആസാറാമിനും നാരായൺ സായ്ക്കും എതിരായി തിരിഞ്ഞ മൂന്ന് പ്രധാന സാക്ഷികളെ ആക്രമിച്ചു — ചിലർ വെടിയേറ്റ് മരിച്ചു, ഒരു സാക്ഷിക്ക് സൂററ്റിൽ ഹൈ-പ്രൊഫൈൽ ആസിഡ് ആക്രമണം. ഇത്രയും ഭീഷണിക്കിടയിലും, ഇരകൾ വർഷങ്ങൾ നീണ്ട കഠിനമായ ക്രോസ് വിസ്താരത്തിൽ ഒരടി പോലും പിന്നോട്ടു പോയില്ല. ഒടുവിൽ ആ ഉറച്ച മൊഴികൾ തന്നെ, ₹10,000 കോടി സ്വത്തുള്ള “ദൈവ”ത്തെ ജോധ്പൂർ സെൻട്രൽ ജയിലിൽ ഒതുക്കി — ഒന്നല്ല, ജീവപര്യന്തം ശിക്ഷ രണ്ടെണ്ണം നെഞ്ചത്ത് വഹിച്ചുകൊണ്ട്.
ആസാറാം ബാപ്പുവിന്റെ പുതിയ നീക്കം, ജസ്റ്റിസുമാർ ഇപ്പോൾ ജാമ്യം നൽകില്ലെന്ന് തീർത്തുപറഞ്ഞു
ജോധ്പൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന ആസാറാം ബാപ്പു, 2026 ജൂൺ 30-ന് രാജസ്ഥാൻ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. 2013-ലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2018-ൽ ലഭിച്ച ജീവപര്യന്തം ശിക്ഷ, 2026 മേയ് 27-ന് രാജസ്ഥാൻ ഹൈക്കോടതി ഉറപ്പിച്ചിരുന്നു — അതിനെ കൂടി ചോദ്യം ചെയ്താണ് ഈ ഹർജി. ജസ്റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് രാജസ്ഥാൻ സർക്കാരിന് 30 6.2026 , നോട്ടീസ് അയച്ചു, രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ടു. ജാമ്യം ചോദ്യം ചെയ്തതിന് കോടതി ഒറ്റ വരിയിൽ മറുപടി പറഞ്ഞു: “ഇപ്പോൾ ജാമ്യം നൽകില്ല, ജീവന് അപകടം നേരിടുന്നു എന്ന് തെളിഞ്ഞാൽ മാത്രം പിന്നീട് പരിഗണിക്കും.” ₹10,000 കോടി സ്വത്തും, കോടിക്കണക്കിന് ഭക്തരും, ഒരുകാലത്ത് ഏത് നേതാവും കാൽക്കൽ വീണ് നമസ്കരിച്ചിരുന്ന “ബാപ്പുജി” — ഇന്ന് ജയിൽ മുറിയിൽ നിന്ന് കോടതിവാതിൽ മുട്ടുകയാണ്, ഒരു ഇളവിനായി

