ന്യൂഡൽഹി / 2026 / നവംബർ 15

സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ്, ഇന്റലിജൻസ് എന്നിവയെക്കുറിച്ചുള്ള മൂന്നാമത് ദേശീയ സമ്മേളനം നവംബർ 16, 17 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. ജൻപഥ് പതിനഞ്ചിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രമാണ് വേദി. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയാണ്, നൈലിറ്റ്, സമ്മേളനം സംഘടിപ്പിക്കുന്നത്. ‘സൈബർ സുരക്ഷിത ഭാരതം: ഇന്ത്യയുടെ ഡിജിറ്റൽ ഭാവി ശക്തിപ്പെടുത്തുക’ എന്നതാണ് പ്രമേയം. സർക്കാർ, അന്വേഷണ ഏജൻസികൾ, പ്രതിരോധം, നീതിന്യായം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ളവരെ ഒരുമിച്ചുകൊണ്ടുവന്ന് രാജ്യത്തിന്റെ സൈബർ സുരക്ഷയും ഡിജിറ്റൽ അന്വേഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഡിജിറ്റൽ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. കൂടുതൽ സങ്കീർണമായ സൈബർ ഭീഷണികളും സൈബർ കുറ്റകൃത്യങ്ങളുടെ മാറുന്ന രീതികളും സുരക്ഷയ്ക്കും ഡിജിറ്റൽ അന്വേഷണത്തിനും ദേശീയതലത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പുതിയ ഭീഷണികൾ, ഡിജിറ്റൽ അന്വേഷണത്തിലെ വെല്ലുവിളികൾ, സൈബർ ആക്രമണങ്ങളെ നേരിടാനും അവയിൽനിന്ന് തിരിച്ചുവരാനുമുള്ള ശേഷി എന്നിവ സമ്മേളനം ചർച്ച ചെയ്യും. സാങ്കേതികവിദ്യാ സേവനദാതാക്കളും സൈബർ സുരക്ഷാ മേഖലയിലെ മറ്റു പങ്കാളികളും അറിവ് പങ്കുവെക്കും.
കൊഹിമയിൽ തുടങ്ങിയ സമ്മേളനം ദേശീയ വേദിയായി
സമ്മേളനത്തിന്റെ ആദ്യ പതിപ്പ് 2024 ജൂലൈ 25, 26 തീയതികളിൽ നാഗാലാൻഡിലെ കൊഹിമയിൽ നടന്നു. ക്യാപിറ്റൽ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. നാഗാലാൻഡ് പൊലീസുമായും സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പുമായും സഹകരിച്ച് നൈലിറ്റ് കൊഹിമയാണ് സമ്മേളനം സംഘടിപ്പിച്ചത്. രണ്ടാം പതിപ്പ് 2025ൽ അസമിലെ ഗുവാഹത്തിയിലുള്ള ഗൗഹാത്തി സർവകലാശാലയിൽ നടന്നു. മുൻ സമ്മേളനങ്ങളുടെ വിജയത്തോടെ പ്രാദേശിക സംരംഭമായി തുടങ്ങിയ പരിപാടി വിപുലമായ ദേശീയ വേദിയായി വളർന്നു. കൂടുതൽ പങ്കാളിത്തം, സാങ്കേതികവിദ്യകളുടെ പ്രദർശനം, അറിവ് കൈമാറ്റം, ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയിലൂടെ ഈ വേദി കൂടുതൽ ശക്തിപ്പെടുത്തുകയാണ് മൂന്നാം പതിപ്പിന്റെ ലക്ഷ്യം.
ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും സൈബർ സുരക്ഷയിലും ഡിജിറ്റൽ ഫോറൻസിക്സിലും ശേഷി വർധിപ്പിക്കുന്നതിനും സമ്മേളനം ഊന്നൽ നൽകും. നയപരമായ ചർച്ചകൾക്കും വേദിയൊരുക്കും. നിർമിതബുദ്ധി, ബ്ലോക്ക്ചെയിൻ സുരക്ഷ, സൈബർ ഇന്റലിജൻസ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗസാധ്യതകളും പരിശോധിക്കും. സർക്കാർ, നിയമനിർവഹണ ഏജൻസികൾ, പ്രതിരോധം, നീതിന്യായം, വ്യവസായം, സാങ്കേതികവിദ്യാ സേവനദാതാക്കൾ, വിദ്യാഭ്യാസരംഗം എന്നിവ തമ്മിലുള്ള സഹകരണം ഇതിലൂടെ ശക്തിപ്പെടുത്തും.
അന്വേഷണ ഏജൻസികളും സാങ്കേതിക സ്ഥാപനങ്ങളും പങ്കാളികൾ
ഡിജിറ്റൽ ഫോറൻസിക്സ്, സൈബർ സുരക്ഷ, അന്വേഷണ സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണ സമ്മേളനത്തിനുണ്ട്. ഇന്ത്യൻ സൈബർക്രൈം കോഓർഡിനേഷൻ സെന്റർ, ഐ ഫോർ സി; സെർട്ട് ഇൻ; ഡൽഹി പൊലീസ്; സൈബർപീസ്; സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ, എസ്ടിക്യുസി; മൗവിലെ മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്; മഹാരാഷ്ട്ര സൈബർ; മണിപ്പുർ പൊലീസ്; ഹൈദരാബാദിലെ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ; സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ; കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം എന്നിവ വിജ്ഞാന പങ്കാളികളാണ്.
സ്റ്റെല്ലാർ, പവർ ഫോറൻസിക്സ് ആൻഡ് ഡിജിറ്റൽ ഇന്റലിജൻസ്, മാഗ്നറ്റ് ഫോറൻസിക്സ്, എംഎസ്എബി, സൈന്റ് ടെക്നോളജീസ്, തേർഡ് ഐ ടെക്നോ സൊല്യൂഷൻസ്, അഡ്വാൻസ്ഡ് ഡിജിറ്റൽ ഫോറൻസിക് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡ്, ഓക്സിജൻ ഫോറൻസിക്സ്, വെർട്ടെക്സോൺ ലാബ്സ് എന്നിവയാണ് വ്യവസായ പങ്കാളികൾ. ഇവരുടെ പങ്കാളിത്തത്തിലൂടെ വ്യവസായമേഖലയിലെ വിദഗ്ധ അറിവും സാങ്കേതികവിദ്യകളുടെ പ്രദർശനവും പ്രായോഗിക അനുഭവങ്ങളും ലഭ്യമാകും. സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ്, ഡിജിറ്റൽ അന്വേഷണം എന്നിവയിലെ ശേഷി മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
പത്ത് വിഷയമേഖലകളിൽ ചർച്ച; പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനവും
മാറുന്ന സൈബർ സുരക്ഷാ സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന പത്ത് പ്രധാന വിഷയമേഖലകളിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ്, നിർമിതബുദ്ധിയുടെ സുരക്ഷ, നിർണായക അടിസ്ഥാനസൗകര്യങ്ങൾ, ഭീഷണികളെക്കുറിച്ചുള്ള രഹസ്യവിവര ശേഖരണവും വിശകലനവും, ബ്ലോക്ക്ചെയിനും ക്രിപ്റ്റോയും, ഡ്രോൺ–ഇന്റർനെറ്റ് ഓഫ് തിങ്സ് ഫോറൻസിക്സ്, ഡിജിറ്റൽ തെളിവുകൾ, സൈബർ നിയമം, ക്ലൗഡ് സുരക്ഷ എന്നിവയാണവ. പുതിയ ഭീഷണികൾ, സാങ്കേതിക മുന്നേറ്റങ്ങൾ, അന്വേഷണരീതികൾ, നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ, സുരക്ഷിതവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഡിജിറ്റൽ സംവിധാനം രൂപപ്പെടുത്താനുള്ള മാർഗങ്ങൾ എന്നിവ വിദഗ്ധരും ഈ മേഖലകളിൽ പ്രവർത്തിക്കുന്നവരും ചർച്ച ചെയ്യും. രണ്ടുദിവസത്തെ പരിപാടിയിൽ ഉദ്ഘാടന സമ്മേളനം, സാങ്കേതിക–വ്യവസായ സെഷനുകൾ, പാനൽ ചർച്ചകൾ, വ്യവസായ പ്രദർശനം, സൈബർ കുസ്തി 2026 എന്ന സൈബർ സുരക്ഷാ–നിർമിതബുദ്ധി ഹാക്കത്തോൺ എന്നിവയുണ്ടാകും.
ദേശീയ സൈബർ സുരക്ഷയും നിർണായക അടിസ്ഥാനസൗകര്യങ്ങളും, സൈബർ സംഭവങ്ങളോടുള്ള പ്രതികരണം, നിർമിതബുദ്ധി ഉപയോഗിച്ചുള്ള സൈബർ ഭീഷണികൾ, സ്വയമേവ പ്രവർത്തിക്കുന്ന ഡിജിറ്റൽ അന്വേഷണങ്ങൾ, സൈബർ ഭീഷണിവിവരങ്ങളുടെ വിശകലനം, സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സാങ്കേതിക സെഷനുകളിൽ ഉൾപ്പെടും. ഉപകരണങ്ങളിലെയും മൾട്ടിമീഡിയയിലെയും നൂതന ഫോറൻസിക് പരിശോധനകൾ, നിയമനിർവഹണ ഏജൻസികളുടെ സജ്ജത, അന്താരാഷ്ട്ര സഹകരണം, ഡിജിറ്റൽ തെളിവുകൾ, ക്വാണ്ടം കംപ്യൂട്ടിങ്, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, അതിനൂതന സാങ്കേതികവിദ്യകൾ, ശേഷിവികസനം, ദേശീയ സൈബർ സംവിധാനം എന്നിവയും ചർച്ച ചെയ്യും. പ്രദർശനത്തിൽ ഡിജിറ്റൽ ഫോറൻസിക്സ്, സൈബർ സുരക്ഷ, ഡ്രോൺ സാങ്കേതികവിദ്യ, നിരീക്ഷണ സംവിധാനങ്ങൾ, നിർമിതബുദ്ധി അധിഷ്ഠിത സുരക്ഷ എന്നിവയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും അവതരിപ്പിക്കും. സാങ്കേതിക ആശയവിനിമയത്തിനും സ്ഥാപനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള വ്യാപാരചർച്ചകൾക്കും അവസരമുണ്ടാകും.
സൈബർ കുസ്തിക്ക് ആയിരത്തിലേറെ ടീമുകൾ; സഹകരണത്തിന് ധാരണാപത്രങ്ങളും
സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ സൈബർ കുസ്തി 2026 ഹാക്കത്തോൺ സാങ്കേതിക സെഷനുകൾക്കൊപ്പം നടക്കും. ആധുനിക സൈബർ സുരക്ഷാ പ്രവർത്തനങ്ങളിലെ നിർണായക ഘടകങ്ങളായ അവലോകനം, ആക്രമണം, പ്രതിരോധം എന്നിവ അടിസ്ഥാനമാക്കി മൂന്ന് ഘട്ടങ്ങളിലാണ് മത്സരം. വലിയ പ്രതികരണമാണ് മത്സരത്തിന് ലഭിച്ചത്. 3,093 പേർ ഉൾപ്പെടുന്ന 1,031 ടീമുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 2,769 പേർ ഉൾപ്പെടുന്ന 923 ടീമുകളെ ഒന്നാം ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. രണ്ടാം ഘട്ടത്തിലേക്ക് 50 ടീമുകളും മൂന്നാം ഘട്ടത്തിലേക്ക് പത്ത് ടീമുകളും യോഗ്യത നേടി.
നൈലിറ്റും വ്യവസായ പങ്കാളികളും തമ്മിൽ ധാരണാപത്രങ്ങളും സമ്മേളനത്തിൽ ഒപ്പിടും. സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ്, ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സ്ഥാപനതല പങ്കാളിത്തം, അറിവ് കൈമാറ്റം, സംയുക്ത സംരംഭങ്ങൾ, ഗവേഷണവും വികസനവും, ശേഷിവികസനം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ദീർഘകാല സഹകരണത്തിന് ചട്ടക്കൂടൊരുക്കാനും വ്യവസായ–വിദ്യാഭ്യാസ മേഖലകളുടെ ഇടപെടൽ വർധിപ്പിക്കാനും ഭാവിയിലെ സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ സഹകരണങ്ങൾ ലക്ഷ്യമിടുന്നു. പിന്തുണ നൽകുന്ന സംഘടനകളോടും സ്ഥാപന പങ്കാളികളോടും ചേർന്ന് പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്താനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വളർത്താനും നൈലിറ്റ് ശ്രമിക്കുന്നു. രാജ്യത്ത് സുരക്ഷിതവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും വിശ്വസനീയവുമായ ഡിജിറ്റൽ സംവിധാനം വികസിപ്പിക്കുന്നതിന് സംഭാവന നൽകുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.
.