ന്യൂഡൽഹി / 2026 / നവംബർ 15
ഇന്ത്യയിൽ സർക്കാർ ആരോഗ്യച്ചെലവ് പത്ത് വർഷത്തിനിടെ മൂന്നിരട്ടിയിലേറെ വർധിച്ചു. മൊത്തം ആരോഗ്യച്ചെലവിൽ കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന തുകയുടെ വിഹിതം ഗണ്യമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ 2023–24ലെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകളിലാണ് ഈ മാറ്റം വ്യക്തമാകുന്നത്. 2013–14ൽ ഏകദേശം 1.30 ലക്ഷം കോടി രൂപയായിരുന്ന സർക്കാർ ആരോഗ്യച്ചെലവ് 2023–24ൽ 4.14 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന ചെലവിന്റെ വിഹിതം 64.2 ശതമാനത്തിൽനിന്ന് 42.7 ശതമാനമായി കുറഞ്ഞു.
ആരോഗ്യരംഗത്ത് സർക്കാർ ചെലവിടുന്ന തുക കൂടുന്നതും കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന ചെലവിന്റെ വിഹിതം കുറയുന്നതും ചികിത്സ കൂടുതൽ താങ്ങാനാകുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായ സംവിധാനത്തിലേക്കുള്ള മുന്നേറ്റമായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യം ശക്തിപ്പെടുത്താനും സമഗ്ര പ്രാഥമികാരോഗ്യ സേവനങ്ങൾ നൽകാനും സർക്കാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ചികിത്സയ്ക്കുള്ള സാമ്പത്തിക സംരക്ഷണം വർധിപ്പിക്കുക, അവശ്യമരുന്നുകളും പരിശോധനകളും കൂടുതൽ ലഭ്യമാക്കുക, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക് അടുപ്പിക്കുക എന്നിവയും ഈ ശ്രമങ്ങളുടെ ഭാഗമാണ്.

കുടുംബങ്ങളുടെ ചെലവുവിഹിതത്തിൽ 21.5 ശതമാന പോയിന്റിന്റെ കുറവ്
ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകളിലെ പ്രധാന കണ്ടെത്തലുകളിലൊന്നാണ് കുടുംബങ്ങൾ സ്വന്തം കൈയിൽനിന്ന് നേരിട്ട് നൽകുന്ന ചികിത്സാച്ചെലവിന്റെ വിഹിതത്തിലുണ്ടായ കുറവ്. 2013–14ലെ 64.2 ശതമാനത്തിൽനിന്ന് 2023–24ൽ ഇത് 42.7 ശതമാനമായി കുറഞ്ഞു. ആകെ കുറവ് 21.5 ശതമാന പോയിന്റാണ്. രാജ്യത്തെ മൊത്തം ആരോഗ്യച്ചെലവിൽ കുടുംബങ്ങളുടെ നേരിട്ടുള്ള പണംകൊണ്ട് നിറവേറ്റുന്ന വിഹിതം കുറഞ്ഞത് ആരോഗ്യരംഗത്തെ ധനവിനിയോഗത്തിലുണ്ടായ പ്രധാന ഘടനാപരമായ മാറ്റമാണ്. ഏറ്റവും പുതിയ വർഷവും ഈ കുറവ് തുടർന്നു. 2022–23ൽ 43.4 ശതമാനമായിരുന്ന വിഹിതമാണ് 2023–24ൽ 42.7 ശതമാനമായത്. സർക്കാർ പിന്തുണയുള്ള ആരോഗ്യസേവനങ്ങളും ചികിത്സാച്ചെലവിൽനിന്നുള്ള സാമ്പത്തിക സംരക്ഷണ സംവിധാനങ്ങളും വിപുലമാകുന്നതാണ് ഈ പ്രവണത സൂചിപ്പിക്കുന്നത്. സൗജന്യമായും കുറഞ്ഞ നിരക്കിലും ചികിത്സ, മരുന്ന്, പരിശോധന, ആശുപത്രിസേവനം എന്നിവ ലഭ്യമാക്കുന്ന പദ്ധതികൾ കുടുംബങ്ങളുടെ നേരിട്ടുള്ള ചെലവിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
ഇതേ കാലയളവിൽ സർക്കാർ ആരോഗ്യച്ചെലവ് 1,29,778 കോടി രൂപയിൽനിന്ന് 4,14,196 കോടി രൂപയായി വർധിച്ചു. പത്ത് വർഷത്തിനിടെ മൊത്തം ആരോഗ്യച്ചെലവിലെ സർക്കാരിന്റെ വിഹിതത്തിൽ ഏകദേശം 52 ശതമാനത്തിന്റെ വളർച്ചയുണ്ടായി. വിഹിതത്തിലെ വർധന 14.9 ശതമാന പോയിന്റാണ്. രാജ്യത്തെ ആരോഗ്യച്ചെലവ് നിറവേറ്റുന്നതിൽ പൊതുപണത്തിന്റെ പങ്ക് കൂടുതൽ വലുതായെന്ന് ഇത് വ്യക്തമാക്കുന്നു. സർക്കാർ ചെലവ് വർധിച്ചതിനൊപ്പം കുടുംബങ്ങളുടെ നേരിട്ടുള്ള ചെലവുവിഹിതവും കുറഞ്ഞു. ചികിത്സ കൂടുതൽ താങ്ങാനാകുന്നതാക്കാൻ തുടർച്ചയായ പൊതുനിക്ഷേപം എത്രത്തോളം പ്രധാനമാണെന്നും ഇത് കാണിക്കുന്നു. ഒരാൾക്കായി സർക്കാർ ചെലവിടുന്ന ആരോഗ്യത്തുകയും ഉയർന്നു. 2013–14ൽ 1,042 രൂപയായിരുന്നത് 2023–24ൽ 2,959 രൂപയായി. ഏകദേശം 2.8 മടങ്ങിന്റെ വർധനയാണിത്. ഓരോ പൗരന്റെയും ആരോഗ്യത്തിനായി സർക്കാർ ചെലവിടുന്ന തുക ഗണ്യമായി കൂടിയതും പൊതുജനാരോഗ്യത്തിനുള്ള ധനസഹായം വിപുലമായതുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രാഥമികാരോഗ്യത്തിന് 1.53 ലക്ഷം കോടി; ഇൻഷുറൻസ് സംരക്ഷണവും വർധിച്ചു
പ്രാഥമികാരോഗ്യം ശക്തിപ്പെടുത്തുന്നത് രാജ്യത്തെ ആരോഗ്യപരിഷ്കാരങ്ങളുടെ പ്രധാന മുൻഗണനയായി തുടരുകയാണ്. 2023–24ലെ കണക്കുകൾ പ്രകാരം പ്രാഥമികാരോഗ്യത്തിനുള്ള സർക്കാർ ചെലവ് ഏകദേശം 1.53 ലക്ഷം കോടി രൂപയിലെത്തി. അടിസ്ഥാന ആരോഗ്യസേവനങ്ങൾക്കും സമൂഹതലത്തിലുള്ള പരിചരണത്തിനും വലിയ തോതിൽ പൊതുനിക്ഷേപം നടക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സമഗ്ര പ്രാഥമികാരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ നിക്ഷേപത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രോഗപ്രതിരോധം, ആരോഗ്യം മെച്ചപ്പെടുത്താനുള്ള സേവനങ്ങൾ, പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ, അവശ്യമരുന്നുകൾ, രോഗനിർണയ പരിശോധനകൾ, മറ്റ് പ്രാഥമികാരോഗ്യ സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കുന്നു. രോഗങ്ങൾ നേരത്തേ കണ്ടെത്താനും തടയാനും പ്രാദേശികതലത്തിൽ ചികിത്സ ലഭ്യമാക്കാനും നൽകുന്ന ഊന്നൽ കൂടുതൽ സമഗ്രമായ ആരോഗ്യസംവിധാനം രൂപപ്പെടുത്താൻ സഹായിക്കുന്നു.
ചികിത്സയ്ക്കുള്ള സാമ്പത്തിക സംരക്ഷണത്തിന്റെ പ്രധാന ഘടകമായ സാമൂഹിക സുരക്ഷാ ചെലവും വർധിച്ചു. മൊത്തം ആരോഗ്യച്ചെലവിൽ ഇതിന്റെ വിഹിതം 2013–14ലെ ആറ് ശതമാനത്തിൽനിന്ന് 2023–24ൽ 11 ശതമാനമായി ഉയർന്നു. അഞ്ച് ശതമാന പോയിന്റിന്റെ വർധനയാണിത്. സർക്കാർ ധനസഹായമുള്ള ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, സംസ്ഥാനങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, സാമൂഹിക ആരോഗ്യ ഇൻഷുറൻസ്, സർക്കാർ ജീവനക്കാരുടെ ചികിത്സാച്ചെലവ് എന്നിവ ഉൾപ്പെടുന്ന സംഘടിത സാമ്പത്തിക സംരക്ഷണ സംവിധാനങ്ങളുടെ പങ്ക് ഇതിലൂടെ വർധിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക അപകടങ്ങളിൽനിന്ന് വ്യക്തികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തമാകുന്നതിനാൽ ഈ വർധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ചെലവിന്റെ വിഹിതവും 3.4 ശതമാനത്തിൽനിന്ന് 10.2 ശതമാനമായി ഉയർന്നു. രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണിത്. സർക്കാർ ആരോഗ്യച്ചെലവിലെ വർധനയ്ക്കൊപ്പം ഇൻഷുറൻസിന്റെ വ്യാപനവും പൊതുജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സംരക്ഷണം നൽകുന്നു.
സൗജന്യ മരുന്നുമുതൽ പണമടയ്ക്കാതെയുള്ള ആശുപത്രിചികിത്സ വരെ
ആരോഗ്യസേവനങ്ങൾ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കാനും ചെലവ് താങ്ങാനാകുന്നതാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് മാറ്റാനും നിരവധി പ്രധാന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സൗജന്യ മരുന്ന്, രോഗനിർണയ പരിശോധനാ പദ്ധതികൾ, പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതി, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന, അമൃത് ഫാർമസികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. താങ്ങാനാകുന്ന വിലയിൽ മരുന്നുകളും ചികിത്സയ്ക്കുള്ള വിശ്വസനീയ ഇംപ്ലാന്റുകളും ലഭ്യമാക്കുന്ന അമൃത് ഫാർമസികൾ ഉൾപ്പെടെയുള്ള ഈ സംവിധാനങ്ങൾ അവശ്യ ആരോഗ്യസേവനങ്ങളും മരുന്നുകളും ചികിത്സാ ഉൽപ്പന്നങ്ങളും കുറഞ്ഞ ചെലവിൽ ലഭിക്കാൻ സഹായിക്കുന്നു.
ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ വീടുകൾക്ക് സമീപം സമഗ്ര പ്രാഥമികാരോഗ്യ സേവനങ്ങൾ എത്തിക്കുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് ആശുപത്രിയിൽ പണമടയ്ക്കാതെ ചികിത്സ ലഭിക്കുന്നതിനുള്ള ആനുകൂല്യങ്ങളിലൂടെ ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സാമ്പത്തിക സംരക്ഷണം ശക്തമാക്കുന്നു. ദേശീയ ഔഷധ വിലനിർണയ അതോറിറ്റി നടത്തുന്ന മരുന്നുവില നിയന്ത്രണ നടപടികളും ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു. പൊതുനിക്ഷേപം വർധിപ്പിക്കുക, താങ്ങാനാകുന്ന ചികിത്സ ഉറപ്പാക്കുക, പ്രാഥമികാരോഗ്യ സേവനങ്ങൾ വ്യാപിപ്പിക്കുക, സാമ്പത്തിക സംരക്ഷണം നൽകുക എന്നിവ ഒന്നിച്ചുചേർക്കുന്ന സമീപനമാണ് ഈ പദ്ധതികൾ പ്രതിഫലിപ്പിക്കുന്നത്.
പത്ത് വർഷത്തെ മാറ്റം രേഖപ്പെടുത്തി ദേശീയ ആരോഗ്യ അക്കൗണ്ട്സ്
രാജ്യത്തെ ആരോഗ്യച്ചെലവിനുള്ള പണം കണ്ടെത്തുന്ന രീതിയിൽ പ്രോത്സാഹനകരമായ മാറ്റങ്ങളാണ് 2023–24ലെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് കണക്കുകൾ കാണിക്കുന്നത്. 2013–14നെ അപേക്ഷിച്ച് സർക്കാർ ആരോഗ്യച്ചെലവ് മൂന്നിരട്ടിയിലേറെ വർധിച്ചു. മൊത്തം ആരോഗ്യച്ചെലവിലെ സർക്കാർ വിഹിതം ഗണ്യമായി ഉയർന്നു. കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന ചെലവിന്റെ വിഹിതം കുത്തനെ കുറഞ്ഞു. സാമൂഹിക സുരക്ഷയ്ക്കുള്ള ആരോഗ്യ ധനസഹായവും വിപുലമായി. സർക്കാർ വിഹിതവും കുടുംബങ്ങളുടെ നേരിട്ടുള്ള വിഹിതവും തമ്മിലുള്ള അനുപാതത്തിൽ വന്ന മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മൊത്തം ആരോഗ്യച്ചെലവിന്റെ കൂടുതൽ വിഹിതം ഇപ്പോൾ സർക്കാർ വിഭവങ്ങളിലൂടെ നിറവേറ്റുന്നു. കുടുംബങ്ങൾ നേരിട്ട് വഹിക്കുന്ന വിഹിതം മുൻകാലത്തേക്കാൾ കുറഞ്ഞു. എല്ലാവർക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിലേക്കുള്ള മുന്നേറ്റമായാണ് ഈ പ്രവണതകളെ റിപ്പോർട്ട് കാണുന്നത്. താങ്ങാനാകുന്നതും തുല്യമായ അവസരം നൽകുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായ ആരോഗ്യസംവിധാനം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ തുടർച്ചയായ പ്രതിബദ്ധതയും ഇതിലൂടെ വ്യക്തമാകുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ആരോഗ്യ സംവിധാന വിഭവ കേന്ദ്രത്തിലെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് സാങ്കേതിക സെക്രട്ടേറിയറ്റാണ് കണക്കുകൾ തയ്യാറാക്കിയത്. ഇത് പതിനൊന്നാമത്തെ കണക്കെടുപ്പ് പതിപ്പാണ്. അന്താരാഷ്ട്ര അംഗീകാരമുള്ള സിസ്റ്റം ഓഫ് ഹെൽത്ത് അക്കൗണ്ട്സ് 2011 ചട്ടക്കൂടാണ് കണക്കുകൾ തയ്യാറാക്കാൻ ഉപയോഗിച്ചത്. ദേശീയ ആരോഗ്യ സംവിധാന വിഭവ കേന്ദ്രത്തിന്റെ വെബ്സൈറ്റിലെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് രേഖാവിഭാഗത്തിൽ 2023–24ലെ കണക്കുകൾ ലഭ്യമാണ്.
.