പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്ന് പരിഹസിച്ച സിപിഎം നേതാവ് തോമസ് ഐസക്കിനെതിരേ രൂക്ഷ പരാമർശവുമായി നടൻ ജോയ് മാത്യു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമർശനം കുടുംബത്തെ അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.
‘വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി?
‘വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?’, എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം. ‘കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസംകൊണ്ടുപോയിവെച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ’, എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.
മറുപടിയുമായി രമേഷ് പിഷാരടി എത്തിയതിന് പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു
ഇതിന് മറുപടിയുമായി രമേഷ് പിഷാരടി എത്തിയതിന് പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു. സംസ്‌കാരം സമരംചെയ്താൽ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നൽകാനില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അവനവനൊപ്പമല്ലാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും പിഷാരടി ചോദിച്ചിരുന്നു.പിന്നാലെയാണ് തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചത്. തന്റെ പരാമർശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താൻ ഉദ്ദേശിച്ചതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാക്കുകൾ.



