ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഫെബ്രുവരി 28-നാണ് മേഖലയിലുള്ള തങ്ങളുടെ മൂന്ന് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ അനുമതി വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്. നയതന്ത്രപരമായ ചർച്ചകൾക്ക് ശേഷം മാർച്ച് ഒന്നിന് ഇന്ത്യ ഇതിന് അനുമതി നൽകി. തുടർന്ന് മാർച്ച് 4-ന് ‘ഐആർഐഎസ് ലവാൻ’ കൊച്ചിയിൽ എത്തിച്ചേർന്നു.കപ്പലിലെ ജീവനക്കാർ നിലവിൽ ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിലാണ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പാർലമെന്റിൽ പറഞ്ഞു.
മിലാൻ-2026′ നാവിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
ഇന്ത്യയുടെ ആതിഥേയത്വത്തിൽ നടന്ന ‘മിലാൻ-2026’ നാവിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന ആക്രമിക്കപ്പെട്ടത്. അപകട സാഹചര്യത്തെ തുടർന്ന് നാവിക അഭ്യാസത്തിൽ പങ്കെടുക്കാനെത്തിയ രണ്ടാമത്തെ ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്തും മൂന്നാമത്തെ യുദ്ധക്കപ്പൽ കൊച്ചി തീരത്തുമാണ് അടുപ്പിച്ചത്.


