ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചതിനെത്തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമബംഗാൾ ഗവർണറായി നിയമിച്ചു. ആനന്ദബോസിനു പകരം ചുമതല നൽകിയിട്ടില്ല. തമിഴ്നാട് ഗവർണറുടെ അധിക ചുമതല കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കാണ്.
ഹിമാചൽപ്രദേശ് ഗവർണർ ശിവ പ്രതാപ് ശുക്ലയെ തെലുങ്കാന ഗവർണറാക്കി. തെലുങ്കാന ഗവർണറായിരുന്ന ജിഷ്ണു ദേവ് വർമയാണ് മഹാരാഷ്ട്രയുടെ പുതിയ ഗവർണർ. ബിഹാറിലെ മുൻ മന്ത്രി നന്ദ കിഷോർ യാദവിനെ നാഗാലാൻഡ് ഗവർണറാക്കി. ലഫ്. ജനറൽ (റിട്ട.) സയിദ് അത്താ ഹസ്നെയ്ൻ ബിഹാർ ഗവർണറാകും. ലഡാക്ക് ലഫ്. ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽപ്രദേശ് ഗവർണറാക്കി. ഡൽഹി. ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയായിരിക്കും ലഡാക്ക് ലഫ്. ഗവർണർ.
പകരം ഡൽഹി ലഫ്. ഗവർണറായി അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ തരൺജിത് സിംഗ് സന്ധുവിനെ നിയമിച്ചു. നിയമനങ്ങളെല്ലാം അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു മാർച്ച് 5 ന് രാത്രി വിജ്ഞാപനമിറക്കി.
