തിരുവനന്തപുരം: നാല് മാസം മുമ്പ് തമിഴ്നാട്ടിലെ സേലത്തിന് സമീപം അപകടത്തിൽപെട്ടതിന് പിന്നാലെ ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് നടത്തിയിരുന്ന ഗജരാജ സ്ലീപർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. ബസ് അപകടത്തിൽപെട്ടതിന് പിന്നാലെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു. ഈ സർവീസ് ആണ് പ്രതിദിന സർവീസായി വീണ്ടും ആരംഭിച്ചത്.തിരുവനന്തപുരത്ത് നിന്നും നാഗർകോവിൽ വഴി ബംഗളൂരുവിലേക്കാണ് സർവീസ് .
വൈകിട്ട് ആറോടെ പുറപ്പെടുന്ന ബസ് രാവിലെ 8.30ന് ബംഗളൂരുവിലെത്തിച്ചേരും
കണിയാപുരം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന സർവീസ് കഴക്കൂട്ടം, ടെക്നോപാർക്ക്, തമ്പാനൂർ, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനൽവേലി, മധുര, കരൂർ, സേലം, ഹൊസൂർ വഴിയാണ് ബംഗളൂരുവിലേക്കെത്തുന്നത്.കണിയാപുരം ഡിപ്പോയിൽ നിന്നും വൈകിട്ട് ആറോടെ പുറപ്പെടുന്ന ബസ് രാവിലെ 8.30ന് ബംഗളൂരുവിലെത്തിച്ചേരും. തിരികെ എല്ലാ ദിവസവും വൈകിട്ട് ഏഴോടെ സാറ്റലൈറ്റ് ടെർമിനലിൽ നിന്നു പുറപ്പെടുന്ന ബസ് രാവിലെ 9.30ഓടെ കണിയാപുരത്തെത്തും.


