തിരുവനന്തപുരം: ദേശീയപാത 66ൽ പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ സ്ട്രെച്ചുകളിൽ സുരക്ഷയും സ്ഥിരതാ മാനദണ്ഡങ്ങളും പൂർണമായി പാലിച്ച ശേഷമേ ഏതൊരു റോഡ് ഭാഗവും ഗതാഗതത്തിനായി പൂർണമായി തുറന്നുകൊടുക്കുകയുള്ളൂവെന്ന് ദേശീയപാത അഥോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനു വേണ്ടി മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇതു പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകി.
ആവശ്യമായ സ്ഥലത്ത് ശക്തിപ്പെടുത്തൽ, പുനർരൂപകൽപന, പൊളിച്ചുനീക്കി പുനർനിർമാണം എന്നിവ പരിഗണിക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചിട്ടുണ്ടെന്നും എം. നൗഷാദിന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു. കൊല്ലം- കടമ്പാട്ടുകോണം റീച്ചിലെ പ്രശ്നങ്ങൾ പരിഹരിക്കും.കൊല്ലം മൈലക്കാട് ഭാഗത്തെ ദേശീയപാത നിർമാണത്തിനിടെ തകർച്ച സംഭവിച്ച ഉടൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് ഉന്നതതല പരിശോധന ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകി. ഐഐടിയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവരടങ്ങിയ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കുകയും സ്ഥലസന്ദർശനം നടത്തി സമിതി നിർദേശം സമർപ്പിക്കുകയും ചെയ്തു.
ഓരോ റീയിൻ ഫോഴ്സ്ഡ് സോയിൽ വാളിന്റെയും രൂപരേഖ, നിർമാണം എന്നിവ പുനഃപരിശോധിക്കും.
17 സ്ട്രച്ചുകളുടെയും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ലാബ് പരിശോധന നടത്താനായി 10 പ്രത്യേക വിദഗ്ധ ഏജൻസികളെ ഏർപ്പെടുത്തി. സമഗ്ര ജിയോടെക്നിക്കൽ പഠന പരിപാടി ആരംഭിച്ചു. വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ, ജിയോടെക്നിക്കൽ പഠന റിപ്പോർട്ടുകൾ, സാമൂഹിക പരിഗണനകൾ എന്നിവ സംയുക്തമായി പരിശോധിച്ച ശേഷം ഓരോ റീയിൻ ഫോഴ്സ്ഡ് സോയിൽ വാളിന്റെയും രൂപരേഖ, നിർമാണം എന്നിവ പുനഃപരിശോധിക്കും.
തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരേ നടപടി
.സമിതി ശിപാർശകളുടെ അടിസ്ഥാനത്തിൽ പരിഹാര നടപടികളും തകർച്ച സംഭവിച്ച ഭാഗത്ത് സ്ഥിരത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കി. തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിച്ചുവരുന്നതായി അറിയിച്ചു. തകർച്ച സംഭവിച്ച ഭാഗത്ത് സ്ഥിരത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ദേശീയപാത അഥോറിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു.
