കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നു.രാവിലെ ഏഴോടെ വിവിധ ഇടങ്ങളിലായി പരിശോധന ആരംഭിച്ചു.
കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ, എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്, എൻ. വാസുവിന്റെ വീട്, സ്വർണവ്യാപാരി ഗോവർധന്റെ ബെല്ലാരിയിലെ വീട്, ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ്, മുരാരി ബാബുവിന്റെ കോട്ടയത്തെ വീട് എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്.
