കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് (ജനുവരി 12)വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘം
ശ്രീകോവിലിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മിനുട്സിൽ പദ്മകുമാർ മനപൂർവം തിരുത്തലുകൾ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കട്ടിളപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് പോലീസ് വാദം.
പ്രതികൾ തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം വെളിപ്പെടുത്തി.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ പ്രതികൾ തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചതായും അന്വേഷണ സംഘം വെളിപ്പെടുത്തി. ഗോവർധനും കേസിലെ മറ്റൊരു പ്രതിയായ പോറ്റിയും ഉൾപ്പെടെയുള്ളവർ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയതായാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
