ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏക പോംവഴി ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത് മാത്രമെന്ന് സുപ്രീംകോടതിയുടെ പരിഹാസം. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരിഹാസം.ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് സന്ദീപ് മെഹ്ത, ജസ്റ്റീസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് കേട്ടത്. ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യവേയാണ് ജസ്റ്റീസ് മെഹ്തയുടെ ഈ പരാമര്‍ശം.
രാവിലെ ഏത് നായ ഏത് മൂഡിലാണെന്ന് എങ്ങനെ തിരിച്ചറിയും?’
“കടി മാത്രമല്ല, നായ്ക്കള്‍ ഉണ്ടാക്കുന്ന ഭീതി കൊണ്ടും അപകടങ്ങള്‍ സംഭവിക്കുന്നു. രാവിലെ ഏത് നായ ഏത് മൂഡിലാണെന്ന് എങ്ങനെ തിരിച്ചറിയും?’ എന്ന് ചോദിച്ച ജസ്റ്റീസ് മെഹ്ത, തുടര്‍ന്നാണ് നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത് മാത്രമാണ് ഇനി ഏക പോംവഴിയെന്ന പരിഹാസം നടത്തിയത്.
തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു
സ്‌കൂളുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സ്റ്റെറിലൈസേഷനും വാക്‌സിനേഷനും നടത്തിതെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.



