തിരുവനന്തപുരം: വന്യജീവികൾ മനുഷ്യരെ കൊല്ലുന്നത് ഭരണകൂടം നോക്കിനിൽക്കരുതെന്ന് തമിഴ്നാട് ഫാർമേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.ആർ. പാണ്ഡ്യൻ. കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച 100 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സമരത്തിന് തമിഴ്നാട് കർഷകരുടെ സമ്പൂർണ പിന്തുണ
വന്യജീവി ശല്യത്തിനെതിരേയുള്ള കേരളത്തിലെ സമരത്തിന് തമിഴ്നാട് കർഷകരുടെ സമ്പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തുന്നവർ, വന്യജീവികൾ മനുഷ്യരെ കൊല്ലുന്നതു കണ്ട് കൈ കെട്ടി നോക്കിനിൽക്കുന്നത് ലജ്ജാകരമാണ്.കർഷകർ മണ്ണുസംരക്ഷണത്തിനും ജലസംരക്ഷണത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്പോൾതന്നെ കൃഷിയും സ്വന്തം ജീവനും സംരക്ഷിക്കാൻ സമരം ചെയ്യേണ്ട സാഹചര്യമാണുള്ളത്.
മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി സമാനം
കേരളത്തിൽ മാത്രമല്ല തമിഴ്നാട്, കർണാടക ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണെന്നും പി.ആർ. പാണ്ഡ്യൻ സൂചിപ്പിച്ചു.വന്യജീവികൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി കാസർഗോഡ് വെള്ളരിക്കുണ്ടിൽ ഓഗസ്റ്റ് 15 മുതൽ നടക്കുന്ന സത്യഗ്രഹത്തിന്റെ തുടർച്ചയായാണ് സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം നടത്തുന്നത്.
കർഷകസ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട, കണ്‍വീനർ ബേബി ചെന്പരത്തി, ഐകൃദാർഢ്യ സമിതി ചെയർമാൻ അഡ്വ കെ.വി. ബിജു എന്നിവരാണ് 100 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത്. അഡ്വ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. മേരി ജോർജ്, അഡ്വ. ഗുരുസ്വാമി, വിളയോടി വേണുഗോപാൽ, ആന്റോ ഏലിയാസ്, സിസ്റ്റർ മേഴ്സി, ജേക്കബ് പുളിക്കൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, റോജർ സെബാസ്റ്റ്യൻ ,ഐക്യദാർഢ്യ സമിതി കണ്‍വീനർ അഡ്വ. ബിനോയി തോമസ്, റോസ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


