.
മഞ്ചേരി: പന്ത്രണ്ട് വയസിനു താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും മഞ്ചേരിസ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 180 വർഷം കഠിന തടവിനും 11.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം 20 മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജ് എ.എം. അഷ്റഫ് വിധിച്ചു.
2019 ഡിസംബർ മുതൽ 2020 നവംബർ വരെ ആനമങ്ങാട്ടെയും തുടർന്ന് 2021 ഒക്ടോബർ വരെ വള്ളിക്കാപ്പറ്റയിലെയും വാടക വീടുകളിൽവച്ചാണ് കേസിനാസ്പദമായ സംഭവം.
അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കു നിർദേശം
തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രതികൾ പിഴയടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്കു നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ, സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാം ലഭ്യമാക്കാൻ നടപടികൾ സീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്കു കോടതി നിർദേശം നൽകി.
ഇരു പ്രതികൾക്കും ഒരേ ശിക്ഷ വിധിച്ച് കോടതി .
മദ്യം നൽകിയും അശ്ലീല വീഡിയോ കാണിച്ചും ദേഹോപദ്രവമേൽപ്പിച്ചുമായിരുന്നു പീഡനം. പോക്സോ ആക്ടിലെ അഞ്ച് (എൽ), അഞ്ച് (എം), അഞ്ച് (എൻ), അഞ്ച് (പി) എന്നീ വകുപ്പുകളിൽ ഓരോന്നിലും 40 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്നു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. 11 (3) , 11(1), ഐപിസി 354 വകുപ്പുകളിൽ മൂന്നു വർഷം വീതം കഠിന തടവ്, അര ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് എന്നതാണു ശിക്ഷ. ഇതിനെല്ലാം പുറമേ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ 75, 77 എന്നീ വകുപ്പുകളിൽ രണ്ടു വർഷം വീതം കഠിന തടവ് ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇരു പ്രതികൾക്കും ഒരേ ശിക്ഷയാണു കോടതി വിധിച്ചത്.
പ്രതികളെ തവനൂർ ജയിലിലേക്കു മാറ്റി.
മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന റസിയാ ബംഗാളത്ത് ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടറായിരുന്ന സന്ധ്യാദേവി, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപ എന്നിവർ കേസന്വേഷണത്തിൽ സഹായിച്ചു.പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 26 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷൻ ലെയ്സണ്‍ വിംഗിലെ അസിസ്റ്റന്റ്. സബ് ഇൻസ്പെക്ടർ എൻ. സൽമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂർ ജയിലിലേക്കു മാറ്റി.
