റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെ : ദീപിക മുഖപ്രസം​ഗത്തിൽ

കോട്ടയം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ദീപിക ദിനപത്രത്തില്‍ മുഖപ്രസംഗം. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്‌മെന്റുകള്‍ എതിരാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷ വിമര്‍ശനം. നാലുവോട്ടിനും കുറച്ചു സീറ്റിനും വേണ്ടി മന്ത്രി നുണപറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിന് കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈസര്‍ക്കാര്‍ ആദ്യം കാണിക്കേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിയമവിരുദ്ധരായി ചിത്രീകരിക്കുന്നു

സര്‍ക്കാര്‍ അനുശാസിക്കുന്ന വിധത്തില്‍ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിര്‍ത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനും കോടതിക്കും നല്‍കിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടുള്ള പ്രസ്താവന, നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെയാണ് തോന്നുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിയമവിരുദ്ധരായി ചിത്രീകരിക്കരുതെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു

എന്‍എസ്എസ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു

എന്‍എസ്എസ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള പ്രതികരണത്തിലാണ് മന്ത്രി ചില ക്രൈസ്തവ മാനേജ്‌മെന്റുകളെ കുറ്റപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. എയഡഡ് സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ നാല് ശതമാനം ഭിന്നശേഷിക്കാരെ നിയമിക്കണമെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ട്. ഇതിന് പിന്നാലെ ഭിന്നശേഷിക്കാരായ അധ്യാപകരെ മുഴുവന്‍ നിയമിച്ചാല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കു എന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഇതിനെതിരെ എന്‍എസ്എസ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന ഉണ്ടായത്.

എല്ലായ്‌പ്പോഴും കോടതിയില്‍ പോകാനാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതല എന്ത്

എന്‍എസ്എസ് നേരിടുന്ന സമാന പ്രതിസന്ധിയാണ് മറ്റ് എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളും നേരിടുന്നതെന്നാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ കണ്‍സോര്‍ഷ്യം പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി അവര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. ഈ ഉത്തരവ് പ്രകാരം അധ്യാപക നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക്രിസ്ത്യന്‍ മാനേജുമെന്റുകളുടെ നിലപാട്. എന്നാല്‍ നിങ്ങള്‍ വേണമെങ്കില്‍ കോടതിയില്‍ പൊയ്‌ക്കൊള്ളു എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. എല്ലായ്‌പ്പോഴും കോടതിയില്‍ പോകാനാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതല എന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *