ന്യൂ ഡല്‍ഹി | ഗസ്സയിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9:30 വരെ 30 മിനുട്ട് ഡിജിറ്റല്‍ നിശബ്ദത ആചരിക്കാന്‍ ആഹ്വാനം. ‘സൈലന്‍സ് ഫോര്‍ ഗസ്സ’ എന്ന ഡിജിറ്റല്‍ പ്രതിഷേധ പ്രസ്ഥാനമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ അല്‍ഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും അവയുടെ ദൃശ്യപരതയെയും ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെയും സ്വാധീനിക്കുകയും ചെയ്യുന്ന പ്രതീകാത്മക പ്രവര്‍ത്തനം സൃഷ്ടിക്കുകയെന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഒരുമിച്ച് ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പയിനാണിത്.
രാത്രി 9:00 മുതല്‍ 9:30 വരെ സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം
ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതല്‍ 9:30 വരെ സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക എന്നാണ് നിര്‍ദേശം. ഇത്തരമൊരു കൂട്ടായ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളില്‍ ശക്തമായ സിഗ്‌നല്‍ സൃഷ്ടിക്കുമെന്നും ഗസ്സയിലെ അനീതിക്കെതിരെ പൗരന്മാരുടെ പ്രതിഷേധം പ്രകടമാക്കുമെന്നുമുള്ള ആശയം ക്യാമ്പയിന്‍ മുന്നോട്ടുവെക്കുന്നു.
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ടി ടി ശ്രീകുമാര്‍ അടക്കമുള്ള പ്രമുഖര്‍ ഈ ക്യാമ്പയിനിന്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു..