ന്യൂഡല്‍ഹി: രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ നാലാം ശ്രമത്തിലെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. .സോനവും കാമുകന്‍ രാജ് കുശ്വാഹയും കൂട്ടാളികളായ വിശാല്‍ ചൗഹാന്‍, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി എന്നിവരും ചേര്‍ന്ന് രാജയെ ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളുകയായിരുന്നു.
വിവാഹിതരാകുന്നതിന് 11 ദിവസങ്ങള്‍ക്കു മുമ്പ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി
.
സോനവും രാജയും വിവാഹിതരാകുന്നതിന് 11 ദിവസങ്ങള്‍ക്കു മുമ്പ് ഇന്ദോറില്‍വെച്ചാണ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു. സോനവും രാജയും ഗുവാഹാത്തിയിലെത്തുന്നതിനു വളരെ മുമ്പുതന്നെ രാജ് കുശ്വാഹയും സംഘവും അവിടെയെത്തിയിരുന്നു. രാജയെ ഗുവാഹാത്തിയില്‍വെച്ചു തന്നെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, ഇതിന് സാധിച്ചില്ല. തുടര്‍ന്ന് നോംഗ്രിയാറ്റിലും മാവലാഖ്യാറ്റിനും വീസാവോങ്ങിനും ഇടയില്‍ രണ്ടുതവണകൂടി സംഘം രാജയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഈസ്റ്റ് ഖാസി ഹില്‍സിലെ വെള്ളച്ചാട്ടത്തിനടുത്തുവെച്ച് നാലാമത്തെ ശ്രമത്തില്‍ രാജയെ സംഘം കൊലപ്പെടുത്തുന്നതും മൃതദേഹം മലയിടുക്കില്‍ തളളുന്നതും.


