ന്യൂഡൽഹി: ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 5,755 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 1806 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ടുപിന്നാലെ ഗുജറാത്ത്- 717, ഡൽഹി- 665 വെസ്റ്റ് ബെംഗാൾ- 622 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ.
അടിസ്ഥാന രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക.
കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ് അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങൾ.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.
ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.
