അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി.

ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ശനിയാഴ്ച രാത്രി മുതല്‍ പൊതുവേ ശാന്തമായിരുന്നു

ജമ്മുവിലെ ഉദംപൂരില്‍ ശനിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായെങ്കിലും മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഷെല്‍, ഡ്രോണ്‍ ആക്രമണത്തിന് ശേഷം ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ശനിയാഴ്ച രാത്രി മുതല്‍ പൊതുവേ ശാന്തമായിരുന്നു.
പാക് ഷെല്ലാക്രമണത്തില്‍ കശ്മീരിലെ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെടിനിർത്തല്‍ നിലവില്‍ വന്നതോടെ മെയ് 10 ശനിയാഴ്ച വൈകിട്ട് തന്നെ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിയെന്ന് ഉറിയിലെ ഗാർക്കോട്ട് സ്വദേശി മുശ്താഖ് അഹ്മദ് പറഞ്ഞു. ഷെല്‍ ആക്രമണത്തെ തുടർന്ന് വ്യാഴാഴ്ചയാണ് വീടുവിട്ട് പോയത്. എല്ലാം ശാന്തമായതോടെ വീണ്ടും മടങ്ങിയെത്തി. ഇനി സമാധാനം പുലരുമെന്നാണ് പ്രതീക്ഷ- മുശ്താഖ് പറഞ്ഞു.

സൈന്യത്തിന്റെ കനത്ത പട്രോളിംഗ് തുടരുന്നുണ്ട്.

ബാരാമുല്ലയിലെ ഉറി സെക്ടർ മുതല്‍ കുപ്‌വാരയിലെ നൊഗാം, താംഗ്ധർ, ബന്ദിപ്പോരയിലെ ഗുരേസ് വരെയുള്ള അതിർത്തികള്‍ ശനിയാഴ്ച രാത്രി മുതല്‍ ശാന്തമായിരുന്നു. എങ്കിലും സൈന്യത്തിന്റെ കനത്ത പട്രോളിംഗ് തുടരുന്നുണ്ട്.പൂഞ്ചിലേക്ക് അതിർത്തി ഗ്രാമങ്ങളിലുള്ള 20 പേരെയും കൊണ്ട് തിരിച്ചെത്തിയതായി 26കാരനായ ബസ് ഡ്രൈവർ താരീഖ് അഹ്മദ് പറഞ്ഞു. മടങ്ങിയെത്തിയവരില്‍ പലരും ഭയത്തിലാണെന്നും കരാർ എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും താരീഖ് പറഞ്ഞു.പൂഞ്ച് മാർക്കറ്റില്‍ 46കാരനായ ഹസൂർ ശൈഖ് തന്റെ കട തുറന്നു. ഇന്നലെ ഏതാനും പേർ മാത്രമാണ് തങ്ങളുടെ കടകള്‍ തുറന്നിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം സമാധാനത്തോടെ ഇന്നലെ രാത്രി ഉറങ്ങിയെന്ന് ഹസൂർ ശൈഖ് പറഞ്ഞു.

അമൃത്സറില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ പിൻവലിച്ചു.

പഞ്ചാബിലും ശനിയാഴ്ച വൈകിട്ട് മുതല്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ഇന്നലെ പുലർച്ചെ അമൃത്സറില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ പിൻവലിച്ചു. പത്താൻകോട്ടിലും അമൃത്സറിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടെങ്കിലും അവ നേരത്തേയുള്ള ആക്രമണങ്ങളില്‍ പതിച്ച വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങളായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

രാവിലെയോടെ പഞ്ചാബിലെ അതിർത്തി ജില്ലകളിലെല്ലാം വൈദ്യുതി പുനഃസ്ഥാപിച്ചു. ഫിറോസ്പൂർ, ജലന്ധർ, ഹോഷിയാർപൂർ, ചണ്ഡീഗഢ് എന്നിവടങ്ങളിലെല്ലാം ഇന്നലെ രാവിലെ മുതല്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.രാജസ്ഥാനില്‍ ജയ്‌സാല്‍മീർ ജില്ലയില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ജാഗ്രത തുടർന്നു. എന്നാല്‍, ഇന്നലെ(മെയ് 11) രാവിലെയോടെ ഇവിടെയും സ്ഥിതിഗതികള്‍ ശാന്തമായതായി ജില്ലാ ഭരണകൂടം അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →