തിരുവനന്തപുരം: ഏപ്രിൽ19ന് കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന വനിത സി.പി.ഒ ഉദ്യോഗാർത്ഥികള്‍ ഏപ്രിൽ 9ന് ഉപവസിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് ഏഴ് വരെയായിരുന്നു ഉപവാസം.
കാലാവധി തീരാൻ ഒമ്പത് ദിവസം മാത്രം
ഇന്നലെ (09.04.2025) ചേർന്ന മന്ത്രിസഭായോഗത്തില്‍ പൊലീസില്‍ കൂടുതല്‍ തസ്തിക അനുവദിച്ചെങ്കിലും കാലാവധി തീരാൻ ഒമ്പത് ദിവസം മാത്രം ബാക്കിയുള്ള വനിത സി.പി.ഒമാരുടെ റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ സർക്കാർ മൗനംപാലിച്ചതായി ഉദ്യോഗാർത്ഥികള്‍ പറഞ്ഞു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുകയോ കൂടുതല്‍ നിയമനം നല്‍കുകയോ ചെയ്യുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.
570 ഒഴിവുള്ളതായി വിവരാവകാശപ്രകാരം മറുപടി ലഭിച്ചു.
967 പേരുള്ള ആകെ റാങ്ക് ലിസ്റ്റില്‍ 292 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍നിന്ന് 815 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്താണിത്. 570 ഒഴിവുള്ളതായി വിവരാവകാശപ്രകാരം മറുപടി ലഭിച്ചെന്ന് ഉദ്യോഗാർത്ഥികള്‍ അറിയിച്ചു
