കൊച്ചി: സംഘപരിവാറിലെ 35-ാം സംഘടനയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ..വിജയരാഘവൻ. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീൻചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഇ.ഡി ആസ്ഥാനത്തേയ്ക്ക് സി.പി.എം നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകല്‍പോലെ തെളിഞ്ഞ കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തില്‍നിന്ന് ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയത് ഇതിന് തെളിവാണ്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ച ഇ.ഡിയാണ് കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും ബി.ജെ.പി നേതാക്കളെ സംരക്ഷിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
പൊലീസ് തെളിവുകള്‍ സഹിതം രേഖകള്‍ ഇ.ഡിക്ക് കൈമാറിയതാണ്
പൊലീസ് കൃത്യമായി അന്വേഷിച്ച് തെളിവുകള്‍ സഹിതം രേഖകള്‍ ഇ.ഡിക്ക് കൈമാറിയതാണ്. കോടികള്‍ ചാക്കുകളിലാക്കി തൃശൂർ ബി.ജെ.പി ഓഫീസില്‍ എത്തിച്ചതും മറ്റും മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. സതീഷിനെ ഇ.ഡി ചോദ്യംചെയ്തില്ല.
ജോസ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ഇ.ഡി ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം സി.എം. ദിനേശ്‌മണി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ, എസ്. സതീഷ്, ജില്ലാ കമ്മിറ്റിഅംഗങ്ങളായ ജോണ്‍ ഫെർണാണ്ടസ്, സി. മണി, എം.എല്‍.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്‌സി എന്നിവർ സംസാരിച്ചു.ജോസ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം ഇ.ഡി ഓഫീസിന് സമീപത്ത് സി.ഐ.എസ്.എഫും പൊലീസും ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്തു.


