വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഉടമയുടെ മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻഫോസിസിന് സമീപമുള്ള വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ, വാഹന ഉടമയുടെ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ് (38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിന് കുളത്തൂർ കോരാളംകുഴിയിലെ ഗീതുഭവനിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ ക്രിസ്റ്റ കാർ, രണ്ട് സ്കൂട്ടർ, ബുള്ളറ്റ്, സൈക്കിള്‍ എന്നീ വാഹനങ്ങളാണ് കത്തിനശിച്ചത്. .

കുടുംബ വഴക്കിനെ തുടർന്നുളള പ്രതികാര നടപടി

കത്തിനശിച്ച ഇന്നോവ കാർ, ഉടമയുടെ മൂത്ത മകളുടെ ഭർത്താവ് രാകേഷിന്റേതാണ്. പ്രതിയായ സജിത്, രാകേഷിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ്. കുടുംബ വഴക്കിനെ തുടർന്നുളള പ്രതികാരമാണെന്ന് പൊലീസ് വ്യക്തമാക്കി.അഞ്ച് വർഷം മുൻപ് പ്രതിയുടെ ഭാര്യയും കുഞ്ഞും വിദേശത്ത് ജോലി കിട്ടിയതിനാൽ, അവരെ അറിയിക്കാതെ അവിടേക്ക് പോയിരുന്നു. ഈ സാഹചര്യത്തിൽ, കുടുംബത്തോട് ഉള്ള വൈരാഗ്യത്തിന്റെ ഭാഗമായി സജിത് പ്രതികാര നടപടിയെന്നോണം സംഭവം നടത്തി.

വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ച്, പേപ്പർ കത്തിച്ച് വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നു

സംഭവദിവസം രാത്രി 2 മണിയോടെ പ്രതി സ്ഥലത്തെത്തിയ ശേഷം, റോഡിൽ നിന്ന് വാഹനങ്ങൾക്കു മീതേ പെട്രോൾ ഒഴിച്ച്, പേപ്പർ കത്തിച്ച് വാഹനങ്ങൾക്ക് മീതെ ഇടുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. വീട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും, സ്ഥലത്തെ CCTV ദൃശ്യങ്ങളും പരിഗണിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവദിവസം രാത്രി, വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു, അപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. കഴക്കൂട്ടം ഫയർഫോഴ്സും തുമ്പ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →