ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടക വസ്തു ശേഖരം, ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളും ഉൾപ്പെടെ കണ്ടെത്തി. ഈ സ്ഫോടക വസ്തുക്കൾ കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നും കണ്ടെത്തിയതാണ്. കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിന്‍ സ്റ്റിക്കുമായി പിടിയിലായ ഷിബിലി എന്നയാളിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. കുഴിവേലിയിൽ റോഡരികിലെ ഒരു കെട്ടിടത്തിൽ രണ്ട് ഷട്ടറുകൾ വാടകക്കെടുത്ത് ഇവിടെയാണ് സ്ഫോടക വസ്തു ശേഖരിച്ച് സൂക്ഷിച്ചിരുന്നത്.
ഷിബിലിക്ക് സ്ഫോടക വസ്തു നൽകിയത് ഫാസിൽ
ഗോഡൗണിൽ നിന്ന് പതിനായിരത്തിലേറെ ഡിറ്റനേറ്ററുകൾ, 2600 ജലാറ്റിന്‍ സ്റ്റിക്കുകൾ, 3350 മീറ്റർ തിരി എന്നിവയും ഒരു എയര്‍ റൈഫിലും പിടിച്ചെടുത്തു. അറസ്റ്റിലായ ഷിബിലിയുടെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടയ്ക്കൽ സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഷിബിലിക്ക് സ്ഫോടക വസ്തു നൽകിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട പോലീസ് പ്രിൻസിപ്പൽ എസ് ഐ ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വസ്തുക്കൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കൾ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കപ്പെട്ടു.



