കോഴിക്കോട് : പുറക്കാമലയില്‍ ദിവസങ്ങളായി നടക്കുന്ന ക്വാറി വിരുദ്ധ സമരം കാണാനെത്തിയതായിരുന്നു 15-കാരൻ. യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുട്ടിയെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കൊണ്ടുപോയി. വാഹനത്തില്‍ വെച്ചും അല്ലാതെയും കുട്ടിയെ പോലീസ് മര്‍ദ്ദിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം.
റൂറല്‍ എസ്.പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണം.
. സമരത്തിനിടെ 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് റൂറല്‍ എസ്.പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണം. റൂറല്‍ എസ്.പിയും സംഭവത്തില്‍ പേരാമ്പ്ര ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്..
കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് സമരദിവസം എസ്.എസ്.എല്‍.സി പരീക്ഷയുണ്ടായിരുന്നില്ല. പിറ്റേ ദിവസം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി എത്തിയ കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
കുട്ടിക്ക് മനോധൈര്യം പകരാനുള്ള ശ്രമങ്ങളിലാണ് അധ്യാപകര്‍
കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. വരുംദിവസങ്ങളില്‍ വീട്ടിലെത്തി കൗണ്‍സലിങ് നല്‍കി കുട്ടിക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാനുള്ള മനോധൈര്യം പകരാനുള്ള ശ്രമങ്ങളിലാണ് അധ്യാപകര്‍


