കോട്ടയം: കേരളത്തില്‍ മയക്കുമരുന്ന് സുലഭമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. വിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം നേടിയ ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിക്കവേ ആയിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.
യു.പി. സ്‌കൂളുകള്‍ക്ക് മുന്നിലും ലഹരി
യു.പി. സ്‌കൂളുകള്‍ക്ക് മുന്നിലും ലഹരി സുലഭമായി ലഭിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇത് സാധാരണ സംഭവമായി കണക്കാക്കാന്‍ കഴിയില്ല. രാസലഹരിയുടെ ഉറവിടം എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. നാല് മയക്കുമരുന്ന് കേസ് പിടിച്ചാല്‍ രണ്ടെണ്ണം മത തീവ്ര സംഘടനയുടെയും രണ്ടെണ്ണം ഡി.വൈ.എഫ്.ഐയുടെയും ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സി.പി.എം ലോക്കല്‍-ബ്രാഞ്ച് നേതാക്കള്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ക്രൈം നിരക്ക് ഉയരുന്നതിൽ ആശങ്ക
കേരളത്തില്‍ നടക്കുന്ന സംഭവങ്ങളിലുള്ള നടുക്കവും സുരേന്ദ്രന്‍ രേഖപ്പെടുത്തി. ഏത് നിമിഷം വേണമെങ്കിലും ആരും കൊല്ലപ്പെടാം എന്ന സ്ഥിതിയിലേക്ക് കേരളം എത്തിയിരിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ വയോജനങ്ങള്‍വരെ കൊല്ലപ്പെടുകയാണ്. വിദേശ സിനിമകളില്‍ കാണുന്നതുപോലുള്ള ക്രൂരതയാണ് നാട്ടില്‍ അരങ്ങേറുന്നത്. വെഞ്ഞാറമൂട് കൊലപാതക കേസ് പ്രതിക്ക് പരിശീലനം കിട്ടിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലഹരിക്കെതിരേ ബോധവത്കരണം ശക്തമാക്കാന്‍ ബി.ജെ.പി മുന്‍കൈ എടുക്കും എന്ന് സുരേന്ദ്രന്‍ അറിയിച്ചു