ഡല്‍ഹി നിവാസികള്‍ക്ക് വാ​​ഗ്ദാന പെരുമഴയുമായി രാഷ്ട്രീയ പാർട്ടികൾ

ഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്കു സൗജന്യങ്ങളുടെ ഘോഷയാത്രയുമായി എഎപിയും ബിജെപിയും കോണ്‍ഗ്രസും. പാവങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 20 കിലോലിറ്റർ വരെ സൗജന്യ വെള്ളം, വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം, സ്ത്രീകള്‍ക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര, 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ്, ആരാധനാലയങ്ങള്‍ക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ വൻ വാഗ്ദാനങ്ങളാണ് ത്രികോണ മല്‍സരത്തില്‍ മൂന്നു പ്രധാന പാർട്ടികളും വോട്ടർമാർക്കായി ഒരുക്കുന്നത്.

സ്ത്രീകള്‍ക്ക് മാസംതോറും 2,500 രൂപ വീതം നല്‍കാമെന്ന പ്രഖ്യാപനത്തിന് ബിജെപി ഒരുങ്ങുന്നു.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സ്ത്രീവോട്ടർമാരെ ആകർഷിച്ച ‘ലാഡ്‌ലി ബഹ്ന’ പദ്ധതിക്ക് സമാനമായി മാസംതോറും സ്ത്രീകള്‍ക്ക് 2,500 രൂപ വീതം നല്‍കാമെന്ന പ്രഖ്യാപനത്തിന് ബിജെപി ഒരുങ്ങുന്നു. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ സൗജന്യമായി നല്‍കുന്ന ‘പ്യാരി ദീദി യോജന’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ വീതം മഹിളാ സമ്മാൻ യോജനയ്ക്കു കീഴില്‍ നല്‍കുമെന്ന് എഎപി മുഖ്യമന്ത്രി അതിഷി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തേ പ്രതിമാസം നല്‍കിവന്നിരുന്ന 1,000 രൂപയുടെ സൗജന്യമാണ് വർധിപ്പിച്ചത്.

എഎപി നൽകിവന്ന 200 യൂണിറ്റ് സൗജന്യ വൈദ്യുതിക്കുപകരം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയുമായി ബിജെപി

ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റ് വൈദ്യുതിയും വെള്ളവും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും നടപ്പിലാക്കിയതിലൂടെയാണ് എഎപി സർക്കാർ വലിയ ജനപിന്തുണ നേടിയത്. ഇതിനെ മറികടക്കാനാണ് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം എന്നിവ ബിജെപി വാഗ്ദാനം ചെയ്യുക. ഇതോടൊപ്പം ആരാധനാലയങ്ങള്‍ക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനും ബിജെപി പദ്ധതിയിടുന്നുണ്ട്.

മുതിർന്ന പൗരന്മാർക്കായിസൗജന്യ ആരോഗ്യ പരിരക്ഷ

അറുപതു വയസ്‌സിനു മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ‘സഞ്ജീവനി യോജന’ പദ്ധതി ആം ആദ്മി പാർട്ടിയുടേതാണ്. മുതിർന്ന പൗരന്മാർക്കായി 25 ലക്ഷം രൂപയുടെ വൻ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കോണ്‍ഗ്രസ് വകയും. എഎപിക്കു പിന്തുണ നല്‍കുന്ന ഡല്‍ഹിയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് 15 ലക്ഷം രൂപയുടെ ലൈഫ്, അപകട ഇൻഷ്വറൻസ്, അവരുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായം, വർഷത്തില്‍ രണ്ടുതവണ യൂണിഫോം അലവൻസായി 2,500 രൂപ എന്നിവയും കേജരിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →