തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആദ്യഘട്ടം മുതലേ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് മേയർ ആര്യാരാജേന്ദ്രൻ പറഞ്ഞു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നും മേയർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.അവരുടെ കുടിവെള്ള ബോട്ടില്‍ ഉള്‍പ്പെടെ മാലിന്യത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. നോട്ടീസ് നല്‍കിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ല. നോട്ടീസ് നല്‍കിയതിന്റെ പേരില്‍ മാലിന്യം മാറ്റിയെങ്കിലും പ്രശ്നപരിഹാരത്തിനുള്ള തുടർ നടപടികളില്‍ ഒരു നിലപാടും റെയില്‍വേ സ്വീകരിച്ചില്ല. മാത്രമല്ല റെയില്‍വേ വീണ്ടും മാലിന്യനിക്ഷേപം നടത്തി.
തെറ്റ് തിരുത്താനുള്ള ശ്രമം വേണമെന്നും മേയർ
റെയില്‍വേ മാലിന്യം കൊണ്ടുപോയ രണ്ട് ലോറികള്‍ പിടിച്ചെടുത്തിട്ടുണ്ട്.അലക്ഷ്യമായുള്ള മാലിന്യ നിക്ഷേപ വിഷയത്തില്‍ പൊലീസ് സഹായത്തോടെ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തു.വിശദീകരണ നോട്ടീസും ബന്ധപ്പെട്ടവർക്ക് നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ സ്ഥാപനത്തില്‍ നിന്ന് തുടർച്ചയായ ഇത്തരം പ്രവൃത്തികള്‍ ഗുരുതരമായ വിഷയമാണ്. ഈ സമീപനം തുടർന്നാല്‍ നഗരസഭ നിയമനടപടികളുമായി മുന്നോട്ടുപോകും. തെറ്റ് തിരുത്താനുള്ള ശ്രമം വേണമെന്നും മേയർ പറഞ്ഞു